തൊടുപുഴ: ടൂറിസത്തിന്റെയും കുടിയേറ്റത്തിന്റെ മറവിലുളള കൈയ്യേറ്റത്തിന്റെയും പേരില്‍ ബലിയാടാക്കപ്പെട്ട മൂന്നാറിനെ രക്ഷിക്കാന്‍ ഇനി നിയമസഭാ സമിതിക്കു കഴിയുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി കെട്ടിപ്പൊക്കിയ ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം അടിയന്തിരമായി പൊളിച്ചുനീക്കണമെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയ മുല്ലക്കര രത്നാകരന് അധ്യക്ഷനായ നിയമസഭാ ഉപസമിതി ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച കൈയ്യേറ്റമൊഴിപ്പിക്കൽ ശ്രമം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ മുൻകൈയെടുത്തായിരുന്നു കൈയ്യേറ്റങ്ങളൊഴിപ്പിക്കാനുളള ശ്രമം. കെ.സുരേഷ് കുമാറും ഋഷിരാജ് സിങ്ങും നേതൃത്വം നൽകിയ നടപടികൾ സിപിഐയുടെ ഓഫീസ് ഒഴിപ്പിക്കാനുളള ശ്രമത്തോടെ വിവാദമായി. സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യത്തിൽ വിഎസിനൊപ്പം പാറപോലെ ഉറച്ചു നിന്ന അന്നത്തെ ജില്ലാ സെക്രട്ടറി എം.എം.മണി ഉൾപ്പടെ എതിർപക്ഷത്തേയ്ക്കു ചാഞ്ഞു. സിപിഐയും ഈ വിഷയത്തിൽ വിഎസിനോട് പിണങ്ങി. തുടർന്ന് കെട്ടിടങ്ങൾ പൊളിക്കലും സർക്കാരിന്റേതാണെന്ന ബോർഡ് സ്ഥാപിക്കലും എല്ലാമായി ബഹളമായ ദിവസങ്ങൾ. പിന്നീട് കോടതിയും കേസും സ്റ്റേയും കേരളം മുഴുവൻ ഇളകി മറിഞ്ഞ ദിനങ്ങൾ. പിന്നീട് എല്ലാം ശാന്തമായി. മൂന്നാർ പഴയതുപോലെ കൈയ്യേറ്റത്തിന്റെ കാലത്തേയ്ക്ക് മടങ്ങി. ഇടയ്ക്ക് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വീണ്ടും സർക്കാർ ഭൂമി തിരികെ പിടിച്ചുവെന്ന് അവകാശപ്പെട്ട് ബോർഡ് വച്ച് തൃപ്തിയടഞ്ഞു.
Read More: ചതുരംഗപ്പാറ വില്ലേജിൽ അനധികൃത ഖനനം
ഒരു ഇടവേളയ്ക്കു ശേഷം മുന്‍ ദേവികുളം ആര്‍ഡിഒ ആയിരുന്ന സാബിന് സമീദാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി തുടരുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കു തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ചു കൃത്യമായി പഠനം നടത്തിയ സാബിന് സമീദ് റിപ്പോര്‍ട്ടു ജില്ലാ കലക്ടര്‍ക്കു നല്‍കുകയും അനധികൃത നിര്‍മാണങ്ങള്‍ക്കു സ്റ്റോപ് മെമ്മോ നല്കാന് തുടങ്ങുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയക്കാരുടെയും റിസോര്‍ട്ട് മാഫിയയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവരുടെയും കണ്ണിലെ കരടായ സാബിന് സമീദിനെ ഉടന്‍ തന്നെ സ്ഥലം മാറ്റുകയും ചെയ്തു.
സാബിന് സമീദ് പോയതോടെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി തുടര്‍ന്ന റിസോര്‍ട്ടു മാഫിയയ്ക്കു പിന്നീട് വെല്ലുവിളിയുമായി രംഗത്തെത്തിയത് ദേവികുളം സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ്. സാബിന് സമീദിന്റ പാത പിന്തുടര്ന്ന് അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത ദേവികുളം സബ് കലക്ടറും അനധികൃത നിര്‍മാണങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനുമെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
മൂന്നാര്‍ മേഖലയിലെ വീടുകള്‍ ഒഴികെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിര്‍ദേശം ലംഘിച്ച നൂറിലധികം റിസോര്‍ട്ടുകള്‍ക്കാണ് കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുള്ളതെന്നാണ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഇതേ സമയം തന്നെ മറ്റൊരു നിര്‍ണായകമായ കണ്ടെത്തലും അടുത്തിടെ സബ് കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
മൂന്നാര്‍ പള്ളിവാസലില്‍ വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി റിസോര്‍ട്ട് മാഫിയ കൈയേറി റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മുപ്പതിലധികം റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു നിര്‍ണായക കണ്ടെത്തല്‍. വൈദ്യുതി വകുപ്പിന്റെ ഭൂമി റിസോര്‍ട്ട് മാഫിയയുടെ പിന്നിലൈത്തിയതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ പങ്കു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അതീവ പരിസ്ഥിതി ദുര്‍ബല മേഖലയായ കുന്നുകളിലും താഴ്വരകളിലുമാണ് ഇത്തരം നിര്‍മാണങ്ങളെന്നും അടിയന്തരമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ നടക്കുന്ന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിയന്ത്രിക്കേണ്ടതാണെന്നും ഇല്ലെങ്കില്‍ ഇത് വന്‍തോതിലുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ഇടുക്കി എസ്പിയായിരുന്ന എ.വി.ജോര്‍ജും സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇടുക്കി ജില്ലയില്‍ കുന്നുകളിലും താഴ്വാരങ്ങളിലുമെല്ലാം വന്‍തോതിലുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മൂന്നു നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ അനുവദിക്കരുതെന്നും എ.വി.ജോര്‍ജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ പ്രളയമോ ഭൂകമ്പമോ പോലുള്ള ദുരന്തങ്ങളുണ്ടായാല്‍ വന്‍തോതിലുള്ള ആള്‍നാശവും പ്രശ്നങ്ങളുമുണ്ടാകുമെന്നും എ.വി.ജോര്‍ജ് തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read More: മൂന്നാറിൽ സർ്ക്കാർ ഭൂമിയിൽ അനധികൃത റിസോർട്ടുകൾ
നിയമസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ പ്രാബല്യത്തിലാക്കേണ്ടി വന്നാല്‍ മൂന്നാറിലും സമീപ വില്ലേജുകളിലുമായി പ്രവര്‍ത്തിക്കുന്ന നൂറുക്കണക്കിന് റിസോര്‍ട്ടുകള്‍ പൂട്ടേണ്ടി വരും. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ കഴിഞ്ഞ മൂന്നാര്‍ ഒഴിപ്പിക്കല്‍ ഭരണകക്ഷിയിലുള്ളവര്‍ തന്നെ പരാജയപ്പെടുത്തിയ മാതൃകയില്‍ ഇപ്പോഴും പ്രതിരോധങ്ങള്‍ ഉയരാനുള്ള സാധ്യത വളരെക്കൂടുതലാണ്. ദേവികുളം സബ് കലക്ടറെ ലക്ഷ്യമിട്ട് മന്ത്രി എം.എം.മണിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും കോണ്‍ഗ്രസും ഉള്‍പ്പടെയുള്ളവര്‍ അടുത്തായി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം മന്ത്രിയുടെ കീഴിലുളള വകുപ്പിന്റെ കാര്യത്തിൽ പ്രാദേശിക സിപിഐ മൗനത്തിലാണിപ്പോൾ.
റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയാണ്. സിപിഐയുടെ പ്രാദേശിക നേതൃത്വം മുതൽ സംസ്ഥാന നേതൃത്വംവരെ ഇടുക്കി ജില്ലയിലെ ഭൂ ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റ് എല്ലാ പാർട്ടികളെയും പോലെ തന്നെയോ അതിൽ കൂടുതലോ ആരോപണവിധേയരാവയവരാണ്. കേരള കോൺഗ്രസും സിപിഐയുമാണ് ഇടുക്കി ജില്ലിയുമായി ബന്ധപ്പെട്ട് ഈ ആരോപണവിധേയരിൽ മുൻനിര പാർട്ടികൾ. അതിനാൽതന്നെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുകയെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശ എത്രത്തോളം പ്രാബല്യത്തിലാകുമെന്നത് കാത്തിരിന്ന് കാണേണ്ട കാര്യം. നടപ്പാക്കണമെങ്കിൽ ഇതിലും മുന്‍പേ തന്നെ ചെയ്യാവുന്ന കുറെ റിപ്പോർട്ടുകൾ സർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുക എന്ന ആചാരത്തിനപ്പുറത്തേയ്ക് പോകാനുളള വഴിയില്ലെന്ന് അനധികൃത നിർമ്മാണം നടത്തുന്നവർക്കും അറിയാം. അതിനാൽ ഇതെല്ലാം ഉടുക്കു കൊട്ടിയുളള പേടിപ്പിക്കലുകൾ മാത്രമാണ്.