തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വളരെ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ വാര്‍ത്ത സമ്മേളനം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചിരുന്നു. ബിജെപി-ശബരിമല കര്‍മ്മ സമിതി പത്രസമ്മേളനങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യില്ല.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ്മ സമിതിയും പിന്തുണ പ്രഖ്യാപിച്ച ബിജെപിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. സമരമുഖത്ത് റിപ്പോര്‍ട്ടിങ്ങിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ല. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ ഇന്ന് വിളിച്ചു ചേര്‍ക്കുന്ന പത്ര സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പ്രേമനാഥ് ആണ് വിവരം അറിയിച്ചത്. മറ്റ് ജില്ലകളിലും ബഹിഷ്‌കരണ നടപടി സ്വീകരിച്ചിട്ടുണ്ട്.

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. കെ.പി.ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ