ഭൂമി കൈയ്യേറിയെന്ന് കണ്ടെത്തിയാൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെയും പിവി അൻവർ എംഎൽഎ യ്ക്ക് എതിരെയും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ സർക്കാരിന് മുൻവിധിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഇരുവർക്കുമെതിരായ ആരോപണത്തിൽ ആലപ്പുഴ, കോഴിക്കോട് കളക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വ്യക്തമാക്കി.

ആലപ്പുഴ ചുങ്കത്ത്, തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന് വേണ്ടി വയൽ നികത്തി റോഡ് നിർമ്മിച്ചെന്നാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം. വേമ്പനാട്ടുകായലിനോട് ചേർന്ന മാർത്താണ്ഡം കായലിൽ അഞ്ചേക്കറോളം വരുന്ന ഭാഗം തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയെന്ന ആരോപണം നിഷേധിച്ച് റവന്യു വകുപ്പ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

നിയമസഭയിൽ ഇരുവർക്കുമെതിരായ ആരോപണങ്ങൾ ശക്തമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ മന്ത്രി തോമസ് ചാണ്ടിക്കും പിവി അൻവർ എംഎൽഎയ്ക്കും ലഭിച്ചിരുന്നു.

പരിസ്ഥിതി ലോലപ്രദേശത്താണ് കക്കാടംപൊയിലിലെ പിവി അൻവറിന്റെ വാട്ടർ തീം പാർക് സ്ഥിതി ചെയ്യുന്നതെന്നാണ് ആരോപണം. മാലിന്യ നിർമ്മാർജ്ജനത്തിന് സൗകര്യമില്ലെന്ന് കാണിച്ച് പരിസ്ഥിതി മലിനീകരണ നിയ്ന്ത്രണ ബോർഡ് പാർക്കിന് നൽകിയ അനുമതി പിൻവലിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് യോഗം ചേർന്്ന് പാർക്കിന് ലൈസൻസ് പിൻവലിക്കേണ്ടെന്നാണ് തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ