scorecardresearch

ബജറ്റ് വിഹിതം ചെലവഴിക്കാതെ സർക്കാരുകൾ; കമ്മിയിൽ മുങ്ങി താഴാതെ കേരളം

സർക്കാരുകളെ കമ്മി വർധനയിൽ രക്ഷിക്കുന്നത് ബജറ്റ് വിഹിതം ചെലവഴിക്കുന്നതിലെ കുറവ്

ബജറ്റ് വിഹിതം ചെലവഴിക്കാതെ സർക്കാരുകൾ; കമ്മിയിൽ മുങ്ങി താഴാതെ കേരളം

തിരുവനന്തപുരം: തനത് നികുതി വരുമാനത്തിന്റെ സിംഹഭാഗത്തിന്റെയും നിരക്ക് സ്വന്തമായി നിശ്ചയിക്കാൻ ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങൾക്കു നഷ്ടമായതിന് ശേഷവരുന്ന കേരളത്തിന്റെ ആദ്യ ബജറ്റാണിത്. ചരക്ക് സേവന നികുതി സംബന്ധിച്ച 101 -ാം ഭരണഘടനാ ഭേദഗതി വന്നശേഷമുളള ബജറ്റെന്ന് പ്രത്യേകതയും ഇതിനുണ്ട്. സെപ്തംബർ വരെ സമയമുണ്ടെങ്കിലും ജൂലൈ മുതൽ നടപ്പാക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ മൂന്ന് മാസത്തേയ്ക്ക് ഈ നികുതി നിരക്കുകൾ നിശ്ചയിക്കാൻ മന്ത്രി തയ്യാറാകാൻ സാധ്യതയില്ല.

നോട്ട് നിരോധനം തനത് നികുതി വരുമാനത്തിന്റെ വളർച്ചയെ ബാധിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. 19 ശതമാനം പ്രതീക്ഷിച്ചിരുന്ന വളർച്ചാനിരക്ക് പത്ത് ശതമാനമാകുമെന്നാണ് സൂചന. ഏറിയാൽ ഇത് 12 ശതമാനം വരെ എത്തിയേക്കാം. എന്നാൽ നോട്ട് നിരോധനം മാത്രമല്ല, സംസ്ഥാന കമ്മിയിൽ നിർത്തുന്നത് ഈ പ്രവണതയ്ക്ക് രണ്ട് ദശകത്തിന്റെ പഴക്കമുണ്ട്.

കേരളം ഒരു ബജറ്റ് കൂടി അവതരിപ്പിക്കുന്പോൾ അതിനുളളിൽ സംസ്ഥാനം  കടന്നുപോകുന്നത് വർധിച്ചു വരുന്ന കടങ്ങൾക്കും പലിശ ബാധ്യതകൾക്കും ഇരുപത് വർഷത്തിന്റെ പഴക്കമുണ്ട്. 90കളുടെ ആരംഭത്തിൽ പൂർണമായി നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി 1996-97 കാലഘട്ടം മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നേരിട്ടു. അതിന്റെ ആഘാതം ഇന്നും തീരാതെ തുടരുകയാണ്. ഓരോ ബജറ്റും കടന്നുപോകുന്പോഴും ഭരണപരമായ പരിമിതകളുടെ ബലത്തിലാണ് സർക്കാർ രക്ഷപ്പെട്ടുപോകുന്നത്. ഭരണപരമായ പേരിൽ ബജറ്റ് വിഹിതം പൂർണമായും (പദ്ധതി വിഹിതം പ്രത്യേകിച്ച്) ചെലവഴിക്കാതിരിക്കുന്നതാണ്   കേരളത്തെ കമ്മി വർധനവിനെ പിടിച്ചു നിർത്തുന്നത്. ഉർവശീശാപം ഉപകാരം എന്ന ചൊല്ലാണ് ഭരണപരമായി ഫലപ്രദമല്ലാത്ത സംവിധാനം കൊണ്ട് സർക്കാരുകൾക്ക് കമ്മി പിടിച്ചുനിർത്താൻ സഹായകമാകുന്നത്.
95-96വരെ കേരളത്തിന്റെ ധനകമ്മി നാല് ശതമാനത്തിൽ താഴെയും റവന്യൂ കമ്മി മൂന്നരശതമാനത്തിൽ. താഴെയുമായിരുന്നു. എന്നാൽ നവ ഉദാരവൽക്കരണ നയങ്ങളുടെ ആദ്യ അഞ്ച് വർഷം പിന്നിട്ടപ്പോൾ അത് 96-97 ൽ ധനക്കമ്മി ഏഴ് ശതമാനമായും റവന്യൂ കമ്മി നാല്ശതമാനമായും ഉയർന്നു. ഇതേ തോതിലുളള വർധനവ് എല്ലാ സംസ്ഥാനങ്ങളെയും ആ ഘട്ടത്തിൽ ബാധിച്ചു. ഇതിനൊപ്പം അഞ്ചാം ശമ്പളപരിഷ്ക്കരണവും ഈ ബാധ്യത കൂടുന്നതിന് കാരണമായി മാറി. മാത്രമല്ല, സ്വകാര്യ സംരഭകർക്ക് നൽകിയ നികുതിയിളവുകളും കൂടെയായപ്പോൾ പൊതുവിൽ എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചു. കേരളത്തിൽ അധികമൊന്നു സ്വകാര്യ നിക്ഷേപകർക്കുളള ആനുകൂല്യങ്ങൾ മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു.

2001 ആയപ്പോഴേയ്ക്കും എ ഡി ബി വായ്പയും നിർദേശങ്ങളും വന്നു. ചെലവ് ചുരുക്കൽ നികുതിയേതര വരുമാന വർധനവ് എന്നിവയൊക്കെ നടപടികളായി വന്നതോടെ ശക്തമായ എതിർപ്പുയർന്നു. നികുതിയേതര വരുമാനത്തിനായി വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക്, ആശുപത്രി ചികിത്സാ നിരക്ക് തുടങ്ങിയ പലതും കുറയ്ക്കേണ്ടി വരികയോ പിൻവലിക്കേണ്ടി വരുകയോ ചെയ്തു. ചില മേഖലകളിൽ ഏർപ്പെടുത്തിയ സേവനത്തിനുളള ഫീസുകളും (യൂസർ ഫീസുകൾ)പിൻവലിച്ചു. എന്നാൽ ഓരോ ബജറ്റ് കഴിയുന്പോഴും പലതലത്തിൽ നികുതിയേതര വരുമാനം വർധിപ്പിക്കാൻ തന്നെയാണ് മാറി മാറിവന്ന സർക്കാരുകൾ ശ്രമിച്ചത്. നികുതി വരുമാനം പിരിച്ചെടുക്കുന്നതിനേക്കാൾ നികുതിയേതര വരുമാനം വർധിപ്പിക്കുകയെന്ന ശ്രമമായിരന്നു അത്. പലതരത്തിൽ അത് നടപ്പാക്കുകയും ചെയ്തു. പരസ്യമായ വൻ നിരക്കുകൾ മാത്രമാണ് ജനങ്ങളിൽ നിന്നും കാര്യമായ എതിർപ്പ് സൃഷ്ടിച്ചത്.​ അത് കുറയ്ക്കുകയോ അല്ലെങ്കിൽ മറ്റുവിധത്തിൽ അതേ യൂസർഫീസുകൾ ഏർപ്പെടുത്തുകയും ചെയ്താണ് ഓരോ സർക്കാരും പരിഹാരം കണ്ടെത്തിയത്.
2006 വരെ ആഭ്യന്തര വരുമാനവും നികുതിയും തമ്മിലുളള അന്തരം വർധിച്ചുതന്നെ നിൽക്കുകയുണ്ടായി. ശമ്പള കമ്മീഷൻ​ റിപ്പോർട്ട് കൂടെ നടപ്പാക്കിയപ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കൂടി. എന്നാൽ 2006- 2011ൽ കേരളം നികുതി പിരിവിൽ മുൻകാലത്തേക്കാൾ കുറേക്കൂടി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 22 ശതമാനം വരെ നികുതി പിരിവിൽ വളർച്ചയുണ്ടായി. റവന്യൂ വരുമാനം 22 ശതമാനം വരെ വളർച്ച കാണിച്ചു. അന്ന് റവന്യൂ കമ്മി രണ്ട് ശതമാനത്തിൽ താഴെ കൊണ്ടുവരാനും വി എസ് അച്യുതാനന്ദൻ സർക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനും സാധിച്ചു. ഇതിനേക്കാൾ വളർച്ച കൂട്ടാൻ കഴിയുമായിരുന്നുവെന്ന് വാദമുണ്ടെങ്കിലും ഇത്രയെങ്കിലും വളർച്ചയിൽ എത്തിക്കാൻ സാധിച്ചത് തന്നെ കേരളത്തിന്റെ സ്ഥിതിയിൽ നേട്ടമാണെന്ന അഭിപ്രായമുളളവരുമുണ്ട്.

2011 മുതൽ 2016 വരെയുളള കാലയളവിൽ ഇതെല്ലാം വീണ്ടും മാറിമറിഞ്ഞു. റവന്യൂ കമ്മി രണ്ട് ശതമാനത്തിന് മുകളിലായി. 1999-2000 ത്തിൽ ആറ് ശതമാനത്തിനടുത്ത് വരെ ഉയർന്ന റവന്യൂ കമ്മിയാണ് 2006-11 കാലയളവിൽ രണ്ട് ശതമാനത്തിൽ താഴേയ്ക്കു കൊണ്ടുവന്നത്. അത് വീണ്ടും ഉയരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 2006-11 ൽ ആഭ്യന്തരവരുമാനത്തിന്റെ എട്ട് ശതമാനം വരെ നികുതി വരുമാനം പിരിച്ചെടുക്കാനായെങ്കിൽ 2013-14 നു ശേഷം ഇത് ഏഴ് ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇതേ സമയം റവന്യൂ ചെലവ് 15ശതമാനം കണ്ട് കൂടുകയും ചെയ്തു. കേന്ദ്രവിഹിതം കൂടിയിട്ടും റവന്യൂ കമ്മി കൂടുന്ന പ്രതിഭാസം ആ കാലയളവിൽ കണ്ടു.

ഈ പശ്ചാത്തലത്തിൽ നിന്നും കാര്യമായ വ്യത്യാസം ഉണ്ടാകാതെ നിൽക്കുന്പോഴാണ് പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് വിഹിതം,പ്രത്യേകിച്ച് പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വരുന്ന കുറവാണ് കഴിഞ്ഞ കുറച്ചുകാലമായി മാറി മാറി വരുന്ന സർക്കാരുകളെ ഭീമമായ കമ്മിയിലേയ്ക്കു വഴുതി വീഴുന്നതിൽ നിന്നും രക്ഷിച്ചുകൊണ്ടുപോകുന്നത്. 2015-16ലെ സി എ​ ജിയുടെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഈ വസ്തുതകൾ വരച്ചു കാട്ടുന്നുണ്ട്. ഈ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടുകൊണ്ടായിരിക്കും ഇത്തവണത്തെ ബജറ്റ് .

ബജറ്റിനപ്പുറം വരുന്ന നികുതിയേതര വരുമാന സംഭരണത്തിൽ കണ്ണ് വെയ്കാതെ മന്ത്രി കടന്നുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. വാറ്റിന് ശേഷം ചരക്ക് -സേവന നികുതി വരുന്പോൾ കേരളത്തെ ബാധിക്കുന്നത് എങ്ങനെയായിരിക്കും. അതിന്റെ സാധ്യതകളും പരിമിതികളും കണ്ടറിഞ്ഞുളള പരിഷ്ക്കാരങ്ങൾക്ക് തോമസ് ഐസക്ക് ഈ ബജറ്റിൽ മുതിരുമോ. എന്നുളളതാണ് സാന്പത്തികലോകം നോക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Will revenue deficit weigh on kerala fm thomas isaac as he presents second budget gst tax revenue