തിരുവനന്തപുരം: പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം വ്യക്തമാക്കാന്‍ ആവശ്യമായ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര വര്‍മ. നാളെ മാധ്യമങ്ങള്‍ക്കു മുന്‍പിലും രേഖകള്‍ കാണിക്കുമെന്നും ശശികുമാര വര്‍മ.

പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാനല്ല, മറിച്ച് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടാനാണു 1949ലെ കവനന്റിനെക്കുറിച്ചു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായാല്‍ ക്ഷേത്രം അടച്ചിടണമെന്നു കാട്ടി തന്ത്രിക്കു കത്തു നല്‍കിയതെന്നും ശശികുമാര വര്‍മ പറഞ്ഞതു വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും തെറ്റായ അവകാശം ആരും ഉന്നയിക്കേണ്ടെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ അവിടം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതിനുള്ള ഗൂഢമായ പദ്ധതി തന്നെ സംഘപരിവാര്‍ തയ്യാറാക്കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയുകയോ എതിര്‍ക്കുകയോ ചെയ്തട്ടില്ല.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കോടതി വിധി നടപ്പിലാക്കുമ്പോള്‍ തന്നെ വിശ്വാസത്തെ ബഹുമാനിക്കുക എന്ന നിലപാടും സര്‍ക്കാരിനുണ്ട്. ശബരിമല ഒരു ആരാധന കേന്ദ്രമാണ് എന്നാല്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല.

അവിടെ സുപ്രീം കോടതി വിധിയനുസരിച്ച് എല്ലാ വിശ്വാസികള്‍ക്കും ആരാധന നടത്താനുള്ള അവകാശമുണ്ട്, സമാധാനപരമായി ഇതിനുള്ള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്, മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ പരികര്‍മ്മികള്‍ ശ്രമിച്ചെന്നും തന്ത്രിമാര്‍ ഇതിന് കൂട്ടുനിന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ