/indian-express-malayalam/media/media_files/uploads/2019/09/Piravom-Church.jpg)
കൊച്ചി: സുപ്രീംകോടതി ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ പള്ളികളിലേക്ക് യാക്കോബായ സഭ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. ഈ മാസം 13നാകും പ്രവേശിക്കുക. കോടതി ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് ഇറങ്ങേണ്ടി വന്ന 52 പള്ളികളിലേക്കാണ് വിശ്വാസികള്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയാലും ഇവിടെ നിന്ന് യാക്കോബായ സഭ വിശ്വാസികളെ പുറത്താക്കരുതെന്ന് വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും യാക്കോബായ സഭ പറയുന്നു.
ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും യാക്കോബായ സുറിയാനി സഭ നേരത്തെ ഉപേക്ഷിച്ചിരുന്നു. പള്ളികള്‍ പിടിച്ചെടുക്കുക, വിശ്വസികളെ പുറത്താക്കുക, ശവസംസ്‌കാരം തടയുക തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യാക്കോബായ സഭയുടെ തീരുമാനം. മാത്രമല്ല ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യാക്കോബായ സഭ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സമരം ഉള്‍പ്പടെ നടത്തിയിരുന്നു.
അഞ്ചാം തിയതി മുതല്‍ വിധി നടപ്പാക്കിയ പള്ളികള്‍ക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനും യാക്കോബായ സഭ തീരുമാനിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായെന്നാണ് ഓര്‍ത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നത്. ശബരിമലയില്‍ വിധി നടപ്പാക്കാൻ കാണിച്ച ആര്‍ജ്ജവം സര്‍ക്കാര്‍ മലങ്കര സഭാ കേസില്‍ കാണിക്കുന്നില്ല. വിധിന്യായങ്ങള്‍ താമസിപ്പിക്കുന്ന രീതി അരാജകത്വം സൃഷ്ടിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ പറയുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. സഭാവിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോതമംഗലത്ത് അടക്കം ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വിധി നടപ്പാക്കാത്തതിന് എതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നടക്കം സര്‍ക്കാരിനും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഓര്‍ത്തഡോക്‌സ് സഭ പിന്‍മാറുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.