തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കെഎസ്ആർടിസിയെ പെൻഷൻ നൽകാൻ പ്രാപ്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിശദീകരിച്ചു.

പെൻഷൻ എന്ന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെതിരെ ഉന്നയിച്ചത്. മറുപടി നിരാശാജനകമാണെന്ന് വാദിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

“പെൻഷൻകാരോട് സംസ്ഥാന സർക്കാരിന് പ്രതിബദ്ധതയുണ്ട്. പെൻഷൻ പൂർണ്ണമായും കൊടുക്കാൻ നടപടിയുണ്ടാകും. ചില ബുദ്ധിമുട്ടുകൾ ഉണ്ടായത് പ്രതിസന്ധി കൊണ്ടാണ്. കെഎസ്ആർടിസിക്ക് പണം നൽകാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിട്ടില്ല. അത് തെറ്റായ വാർത്തയാണ്, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

“ജീവനക്കാർക്കുളള പെൻഷൻ കെഎസ്ആർടിസി തന്നെ നൽകും. അതിന് അവരെ പ്രാപ്‌തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വേഗത്തിൽ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്”, പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അടിയന്തിര പ്രമേയം സ്പീക്കർ അനുവദിക്കാതിരുന്നതോടെയാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ