തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരം പ്രവണതകളെ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംഘനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരാങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. സവര്‍ണനെന്നും അവര്‍ണനെന്നും, സ്ത്രീയെന്നും പുരുഷനെന്നും, വിശ്വാസിയെന്നും അവിശ്വാസിയെന്നും വേര്‍തിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇത് വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല രൂപത്തിലും, വേഷത്തിലും ഇറങ്ങുന്ന ദുശാസനന്മാരുണ്ട്. അവര്‍ ഇവിടെ വിജയിക്കില്ല. കേരളത്തെ പുരോഗമനപാതയില്‍ നിലനിര്‍ത്തുക എന്നതിന് മാത്രമാണ് പരിഗണനയെന്നും വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന അനാചാരങ്ങളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായാലും അത് നീചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.