കൊച്ചി: ബസ് യാത്രാനിരക്ക് വർധിക്കില്ല. കൂട്ടിയ ബസ് നിരക്ക് പുനസ്ഥാപിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
ബസ് ചാർജ് കൂട്ടാനും കുറയ്ക്കാനും സർക്കാരിന് അധികാരമുണ്ട്. നയപരമായ തീരുമാനമാണിത്. അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും നയപരമായ തീരുമാനങ്ങളിൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.
സർക്കാർ വാദം കണക്കിലെടുത്താണ് ചാർജ് വർധന തുടരാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. പ്രത്യേക സാഹചര്യത്തിലാണ് നിരക്ക് 50 ശതമാനം കൂട്ടി ഉത്തരവിറക്കിയത്. കേന്ദ്ര സർക്കാരിന്റെ ലോക്ക്‌ഡൗൺ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റിൽ സർവീസിന് അനുമതി നൽകുകയായിരുന്നു. ഇളവുകൾ അനുവദിച്ചതോടെ നിയന്ത്രണങ്ങൾ ഇല്ലാതായെന്നും മുഴുവൻ സീറ്റിലും യാത്രനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കി.
Read Also: തൃശൂർ കടുത്ത നിയന്ത്രണങ്ങളിലേക്ക്; മന്ത്രി യോഗം വിളിച്ചു
സർവീസ് നഷ്‌ടത്തിലാണെന്ന വാദത്തിൽ കഴമ്പില്ല. കെഎസ്‌ആർടിസിയും പഴയ നിരക്കിലാണ് സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾക്ക് ജൂൺവരെ നികുതിയിളവ് അനുവദിച്ചതായും ബസുടമകളുടെ നിവേദനം നിരക്ക് പരിഷ്‌കരണ കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും കമ്മിഷൻ ഹിയറിങ് ആരംഭിച്ചതായും സർക്കാർ ബോധിപ്പിച്ചു.
സർവീസ് നഷ്‌ടത്തിലാണെന്ന ബസുടമകളുടെ വാദത്തെയും സർക്കാർ എതിർത്തു. 2018 മുതലുള്ള ചാർജ് വർധനയും ചെലവും ഉടമകൾക്ക് ലഭിക്കുന്ന നേട്ടവും സംബന്ധിച്ച ചാർട്ടും സർക്കാർ കോടതിയിൽ ഹാജരാക്കി. നിരക്ക് വർധന പിൻവലിച്ച ഉത്തരവിനെതിരെ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബഞ്ച്, വർധിപ്പിച്ച നിരക്ക് ഈടാക്കാൻ അനുമതി നൽകിയത്.