ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും വിമാനത്താവളം അദാനിക്ക് നല്‍കാന്‍ സാധിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഏതെങ്കിലുമൊരു കമ്പനിയ്ക്ക് മാത്രമായി വിമാനത്തവളത്തിന്റെ വികസനം സാധ്യമാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഇല്ലാതെ ആര്‍ക്കും വിമാനത്താവളം വികസിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമാനയാത്രാ നിരക്ക് വര്‍ധിക്കുന്നതു തടയുന്നതിനായി എയര്‍ലൈനുകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ കേരളത്തിലെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളമുള്ളത് കേരളത്തിലാണ്. പ്രവസികളും ധാരാളമുണ്ട്. അതിനാല്‍ കുത്തനെ യാത്രാ നിരക്ക് കൂട്ടുന്നത് വലിയ പ്രശ്‌നമാണ്. ഓണം, ക്രിസ്മസ്, ഈദ് തുടങ്ങിയ സീസണുകളില്‍ നിരക്ക് കൂടുന്നതായി ചൂണ്ടിക്കാണിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.