കൊച്ചി: കീഴാറ്റൂര്‍ സമരത്തെ മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചെന്നു വയല്‍ക്കിളി സമരസിമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിച്ച് കീഴാറ്റൂരില്‍ പ്രതിഷേധ സമരം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് ചാനലിലെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ബിജെപിയുടെ കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തതിന് വലിയ വിമര്‍ശനം ഉയരാന്‍ കാരണമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ കീഴാറ്റൂര്‍ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്യുകയാണെന്ന് സിപിഎമ്മും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് കീഴാറ്റൂര്‍ രംഗത്തെത്തിയത്.
ഇന്ന് രാവിലെ കീഴാറ്റൂരില്‍ ബിജെപി നടത്തിയ കര്‍ഷക രക്ഷാമാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തത്. കീഴടങ്ങിയ കീഴാറ്റൂര്‍ എന്ന മുദ്രാവാക്യവുമായി കീഴാറ്റൂര്‍ മുതല്‍ കണ്ണൂര്‍ വരെയായിരുന്നു മാര്‍ച്ച്. പശ്ചിമബംഗാളില്‍ നന്ദിഗ്രാം എന്നതുപോലെ കീഴാറ്റൂരായിരിക്കും കേരളത്തില്‍ സിപിഎമ്മിന്റെ ശവക്കല്ലറ തീര്‍ക്കുകയെന്നാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞത്.