ന്യൂഡല്‍ഹി: സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന് ജഹാന്. ഹാദിയയെ കാണരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകും. തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന് പറഞ്ഞു.
നിയമോപദേശത്തിന് ശേഷം മാത്രമാണ് ഹാദിയയെ കാണാൻ പോവുകയെന്നും ഷെഫിൻ അറിയിച്ചു. ഷെഫിനെ കാണാൻ ആഗ്രഹമുണ്ടെന്ന് നേരത്തെ ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, ഹാദിയയെ കാണാൻ ഭർത്താവ് ഷെഹിൻ ജഹാന് അനുമതി നൽകില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിവാഹിതരല്ലാത്ത കുട്ടികളെയാണ് കോളേജ് ഹോസ്റ്റലിൽ നിർത്തുന്നതെന്നും സുപ്രീംകോടതി പറഞ്ഞത് കൊണ്ട് മാത്രമാണ് ഹാദിയയെ ഇവിടെ താമസിപ്പിക്കുന്നതെന്നും സേലം ശിവരാജ് കോളേജ് എംഡി കൽപ്പന പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹാദിയയെ കാണാൻ ആരൊക്കെ അനുവദിക്കണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു.
സുപ്രീംകോടതി വിധിയിൽ സന്തോഷമെന്ന് ഹാദിയ നേരത്തെ അറിയിച്ചിരുന്നു. പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭർത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹം. ഭർത്താവിനെ (ഷെഫിൻ ജഹാൻ) കാണാൻ കഴിഞ്ഞിട്ടില്ല. സേലത്ത് വച്ച് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ പറഞ്ഞു. പഠനം തുടരാനായി സേലത്തേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സുപ്രീംകോടതി വിധിയെക്കുറിച്ച് ഹാദിയ പ്രതികരിച്ചത്.
ഹാദിയയ്ക്ക് പഠനം തുടരാന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പമോ രക്ഷിതാക്കള്‍ക്കൊപ്പമോ ഹാദിയയ്ക്ക് പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ പഠനം തുടരണമെന്നും വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേലത്ത് കോളേജിലേക്ക് പോകാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചത്. ഡോക്ടറാകണമെന്ന ഹാദിയയുടെ ആഗ്രഹം പരിഗണിച്ച് ഇപ്പോള്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.