കൊച്ചി: സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്‌റ്റിസ് ശിവരാജൻ കമ്മിഷന്റെ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടിനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തീരുമാനിച്ചു. വിവരവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലെങ്കിലാണ് നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചത്. നിയമവിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്.

റിപ്പോർട്ട് എന്താണെന്ന് അറിഞ്ഞാലേ നിയമപരമായ തുടർനടപടികൾ ആലോചിക്കാനാവൂ. റിപ്പോർട്ട് നൽകാത്തത് സാമാന്യ നീതിയുടെ നിഷേധമാണ്. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാൻ സരിത എസ്.നായർക്ക് ഇവർ സഹായം നൽകിയെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

പഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ, ഗൺമാൻ സലീം രാജ് എന്നിവർക്ക് സോളാർ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്നും കമ്മീഷൻ കണ്ടെത്തിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇവർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശിച്ചു. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളും സരിത നായരിൽ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, പതിമൂന്ന് വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

കൂടാതെ സോളാർ തട്ടിപ്പ് നടത്താൻ സരിത എസ്.നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനൽ കേസും എടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.