scorecardresearch
Latest News

തൃക്കാക്കര ഉതിരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ; ചോദ്യവുമായി സുധാകരന്‍

കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണെന്ന് സുധാകരന്‍ അവകാശപ്പെട്ടു

k sudhakaran, ed,kerala

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്‌ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. “വെല്ലുവിളിയേറ്റെടുക്കാന്‍ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ റെയില്‍ സര്‍വെ കല്ലിടല്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെങ്കില്‍ അത് വെറും രാഷ്ട്രീയ പാപ്പരത്തമാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണ്. കെ റെയില്‍ കല്ലിടല്‍ പ്രതിഷേധങ്ങളുടെ പേരില്‍ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനും പൊതുജനങ്ങളില്‍ നിന്നും ഈടാക്കിയ പിഴ തിരികെ നല്‍കാനും സര്‍ക്കാര്‍ തയാറാകണം. എത്ര തുകയാണ് നാളിതുവരെ കല്ലിടാന്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയതെന്ന് വെളിപ്പെടുത്തുകയും അത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും വേണം,” സുധാകരന്‍ പറഞ്ഞു.

“ജിപിഎസ് വഴി സാമൂഹിക ആഘാത പഠനം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. എന്നാലത് ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറായില്ല. സര്‍ക്കാര്‍ സര്‍വെ കല്ലിടല്‍ നിര്‍ത്തിയതിന് പിന്നില്‍ തെറ്റുതിരുത്താനുള്ള ബുദ്ധിയാണെങ്കില്‍ അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. അതല്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ കല്ലിടലിന് എടുത്ത ഇടവേളയാണെങ്കില്‍ അത് കേരള ജനതയെ വഞ്ചിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധമാണ് ഇപ്പോള്‍ വിജയം കണ്ടത്,” കെപിസിസി അധ്യക്ഷന്‍ അവകാശപ്പെട്ടു.

“കേരളത്തിന്റെ പരിച്ഛേദം സമരമുഖത്തുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിനിരന്നു. കല്ലിട്ടാല്‍ പിഴുതെറിയുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം പൊതുജനം ഏറ്റെടുത്തു. എന്നിട്ടും പ്രതികാരമനോഭാവത്തോടെ ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ കല്ലിടലുമായി മുന്നോട്ട് പോയത്. ഈ വെല്ലുവിളി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല,” സുധാകരന്‍ വ്യക്തമാക്കി.

Also Read: കെ-റെയിൽ കല്ലിടൽ നിർത്തി സർക്കാർ; സർവേയ്ക്ക് ഇനി ജിപിഎസ് സംവിധാനം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Will k rail project be abandoned if udf wins at thrikkakara asks sudhakaran