തിരുവനന്തപുരം: ട്രാൻസ് വ്യക്തികൾ, തെരുവിൽ ജീവിക്കുന്നവർ, വാടകയ്ക്ക് താമസിക്കുന്നവർ എന്നിവർക്ക് റേഷൻ കാർഡ് നൽകാൻ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപ ചെലവിൽ ഭക്ഷണം നൽകുന്ന പദ്ധതി എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാവർക്കും റേഷൻ കാർഡ് നൽകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, തെരുവിൽ താസമിക്കുന്നവർ, വാടകയ്ക്ക് താമസിക്കുന്നവർ, ട്രാന്‍സ് വ്യക്തികള്‍ എന്നിവർക്ക് റേഷൻ കാർഡ് ലഭിക്കാൻ പലപ്പോഴും തടസം ഉണ്ടാകാറുണ്ട്.
സ്വന്തം മേൽവിലാസമില്ലാത്തവർക്ക് റേഷൻ കാർഡ് ലഭിക്കാൻ ഉള്ള തടസ്സങ്ങൾ നീക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി ആർ അനിൽ അറിയിച്ചു
ഉടമസ്ഥർ സർട്ടിഫിക്കറ്റ് നൽകാത്തത് കാരണം വാടകക്ക് താമസിക്കുന്നവർക്ക് റേഷൻ കാർഡ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തില്‍ വാടകയ്ക്ക് താമസിക്കുന്നവർ നൽകുന്ന സത്യവാങ്മൂലം സ്വീകരിച്ച് റേഷൻ കാർഡ് നൽകും.
തെരുവുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് നൽകുന്നതിനും സർക്കാർ നടപടിയുണ്ടാകും. ട്രാൻസ്വ്യക്തികൾക്ക് റേഷൻ കാർഡും ഓണത്തിന് സൗജന്യ കിറ്റും നൽകും. നിലവിലെ സാചര്യത്തിൽ ഓണം ഫെയർ നടത്തുന്നത് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
14 ജില്ലകളിലും കിറ്റ് വിതരണം മുടങ്ങിയിട്ടില്ല. ഇല്ലാത്ത വിഷയം ഉന്നയിച്ച് പരിഭ്രാന്തി പരത്തുകയാണ്. കിറ്റ് വിതരണത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകുന്നതിനെ രാഷ്ട്രീയ കിറ്റ് എന്ന് പ്രതിപക്ഷം ആക്ഷേപിക്കുകയാണ്.
സൗജന്യ ഭക്ഷ്യ കിറ്റ് ചലച്ചിത്രതാരം മണിയൻപിള്ള രാജുവിന് നൽകി ഉദ്ഘാടനം ചെയ്തതിന് എതിരായി വിമർശനത്തോട് മന്ത്രി പ്രതികരിച്ചു. മണിയൻപിള്ള രാജുവിന് കിറ്റി നൽകിയതിലും ആ വിട്ടിൽ പോയതിലും എന്താണ് കുഴപ്പം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് 10.16 കോടി കിറ്റുകൾ 12 തവണയായി വിതരണം ചെയ്തിട്ടുണ്ട്. ഓണത്തിന് ശേഷം ഭക്ഷ്യ കിറ്റ് നിർത്തുന്നുവെന്ന വാർത്ത തെറ്റാണ്. താൻ അത്തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ല. സാമൂഹിക നീതി വകുപ്പിൽ നിന്നുള്ള പട്ടിക അനുസരിച്ച് അഗതി മന്ദിരങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾക്കും ഈ ഓണക്കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റ് നൽകും.
Also Read: കോവിഡ് പ്രതിസന്ധി: ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി