വട്ടവട: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊന്നവരെ 10 ദിവസത്തിനുളളിൽ പിടികൂടിയില്ലെങ്കിൽ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിന്റെ പിതാവ്. അഭിമന്യുവിന്റെ അദ്ധ്യാപകർ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അഭിമന്യുവിന്റെ വീട് സന്ദർശിച്ചപ്പോഴാണ് അച്ഛൻ മനോഹരൻ വികാരാധീനനായത്.

“അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു? അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ. അവനെ കൊന്നവരോട്​ ക്ഷമിക്കില്ല. അവനെ കൊന്നവരെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനും ഭാര്യയും ജീവിച്ചിരിക്കുന്നതെന്തിനാണ് പിന്നെ. 10 ദിവസത്തിനകം കൊലയാളികളെ പിടിച്ചില്ലെങ്കിൽ ഞങ്ങൾ മരിക്കും,” മനോഹരൻ പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ വട്ടവടയിൽ അഭിമന്യുവിന്റെ വീട്ടിലെത്തിയത്. മഹാരാജാസ് കോളേജിലെ അദ്ധ്യാപകരും, അനദ്ധ്യാപകരും, എറണാകുളത്തെ ഒരു വ്യവസായിയും ചേർന്ന് സ്വരൂപിച്ച 5.40 ലക്ഷം രൂപയുടെ ചെക്ക് അഭിമന്യുവിന്റെ പിതാവിന് പ്രിൻസിപ്പൽ കൃഷ്ണകുമാർ കൈമാറി. പ്രിൻസിപ്പൽ കെ.എൻ.കൃഷ്​ണകുമാർ, എം.എസ്.​മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് വട്ടവടയിൽ അഭിമന്യുവിന്റെ വീട് സന്ദർശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ