ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ വക്താവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ” ഇത് കേരളത്തിനുള്ള അംഗീകാരമാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ വക്താവായിരിക്കും. ചെറിയ വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.” അദ്ദേഹം പറഞ്ഞു.

“കേന്ദ്രമന്ത്രിയാകാനായതിൽ സന്തോഷമുണ്ടെന്നും അൽഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു. 1979 ബാച്ച് കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം. ഡപ്യൂട്ടേഷനിൽ ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ കമ്മിഷണറായിരിക്കെ 15000 ത്തിലധികം അനധികൃത കെട്ടിടങ്ങളാണ് ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിൽ പൊളിച്ചു നീക്കിയത്. 1994 ൽ ടൈം മാഗസിന്റെ 100 യുവ നേതാക്കളുടെ പട്ടികയിലേക്ക് അദ്ദേഹത്തിന് ഇതോടെ ഇടം ലഭിച്ചു.

1989 ൽ ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ്ണ സാക്ഷര സംസ്ഥാനമായി കോട്ടയത്തെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കാണ് ഇദ്ദേഹം വഹിച്ചത്.

ഐഎഎസിൽ നിന്ന് സ്വയം വിരമിച്ച് 2006-11 കാലത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായാണ് ഇദ്ദേഹം നിയമസഭയിലെത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടം 2017 ന്റെ സമിതിയിൽ അംഗമാണ് ഇദ്ദേഹം ഇപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ