വൈക്കം: കോടതി എന്തു പറഞ്ഞാലും അത് അംഗീകരിക്കുമെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കോടതിയിൽ ഹാജാരക്കാണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശത്തിനോട് പ്രതികരിക്കുകയായിരുന്നു അശോകൻ. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യംതളളിയ കോടതി തുറന്ന കോടതിയിലാകണം വാദം കേൾക്കുകയെന്ന് വ്യക്തമാക്കി.

മകൾ ഏത് മതാചാരപ്രകാരം വിവാഹം ചെയ്താലും പ്രശ്നമില്ലെന്നും എന്നാൽ  ഈ ഗ്രൂപ്പ് ശരിയല്ലെന്നും അശോകൻ പറഞ്ഞു. ഹാദിയയെ വീട്ടുതടങ്കലാക്കിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേസിൽ ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പിതാവ് അശോകനോടാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. നവംബർ 27 നാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയ്ക്ക് പറയാനുള്ളത് കേട്ട ശേഷം കേസിൽ വിധി പറയും.

ഷെഫിൻ ജഹാന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകൻ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൗലികമായ ആശയങ്ങളിൽ ആകൃഷ്ടനായ ചെറുപ്പക്കാരനാണ് ഷെഫിൻ എന്നും ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആരോപിച്ചു.

തീവ്രവാദക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മൻസി ബുറാഖിന്റെ സുഹൃത്താണ് ഷെഫിൻ എന്നും അശോകൻ പറയുന്നു. മൻസി ബുറാഖിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ഇതിൽ  വ്യക്തമാക്കുന്നുണ്ട്. ഹാദിയ കേസിന്റെ പേരിൽ പോപ്പുലർഫ്രണ്ട് വൻ പണപ്പിരിവ് നടത്തുന്നു, ഇതുവരെ 80 ലക്ഷം രൂപ പിരിച്ചെടുത്തെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അശോകൻ ആരോപിച്ചിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ