തൊടുപുഴ: ഏറെ സന്നാഹത്തോടെ കുങ്കി ആനകളെ ഉപയോഗിച്ചു ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള നീക്കം പരാജയപ്പെട്ടു. ഇതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകളുടെ നാട്ടിലിറങ്ങൽ ശക്തമായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നാറിനു സമീപമുള്ള കന്നിമലയില്‍ പലചരക്കു കട ആക്രമിച്ച കാട്ടാനകള്‍ കടയ്ക്കുള്ളിലുണ്ടായിരുന്ന പലചരക്കു സാധനങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ത്ത ശേഷമാണ് മടങ്ങിയത്.

അരി, പഞ്ചസാര, മൈദ, ബിസ്‌കറ്റ് തുടങ്ങിയ സാധനങ്ങളാണ് കാട്ടാനകള്‍ തിന്നു തീര്‍ത്തത്. ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന സാധനങ്ങളാണ് ആനകൾ ഉളളിലാക്കിയത്. സമാന രീതിയില്‍ വ്യാഴാഴ്ച രാത്രിയില്‍ ആനയിറങ്കലിലും കാട്ടാന ആക്രമണം ഉണ്ടായി. ഒരു റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ച കാട്ടാന കടയക്കു സമീപത്തു കിടന്നിരുന്ന വാഹനം കുത്തി മറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്നു വെള്ളിയാഴ്ച കാട്ടാന ശല്യം പരിഹരിക്കാന്‍ ശാശ്വത സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ആനയിറങ്കലില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ആന ശല്യം നിയന്ത്രിക്കാന്‍ ഉടന്‍ നടപടികളെടുക്കാമെന്ന വനംവകുപ്പ് അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന കാട്ടാന ശല്യം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ടാഴ്ച മുമ്പ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു കലീം, വെങ്കടേഷ് എന്നീ കുങ്കിയാനകളെ എത്തിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ പ്രശ്‌നക്കാരനായ അരിക്കൊമ്പന്‍ എന്ന കൊമ്പനെ പിടികൂടാനായിരുന്നു ലക്ഷ്യം. എന്നാല്‍ അഞ്ചു തവണ മയക്കുവെടി വച്ചിട്ടും ആന മതിയായ രീതിയില്‍ മയങ്ങാതായതോടെ അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു വനത്തില്‍ കൊണ്ടുവിടാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. അടുത്ത മാസം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ പിടികൂടാനുള്ള പദ്ധതി തയാറാക്കാനാണ് ഇപ്പോള്‍ വനംവകുപ്പ് പദ്ധതിയിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ