തൊടുപുഴ: മൂന്നാറിൽ കാട്ടാനകളുടെ മരണം തുടർക്കഥയാകുന്നതിന് പിന്നാലെ കണ്ണീരണയിക്കുന്ന ആനക്കാഴ്ച. രണ്ടു വയസ്സുളള കാട്ടാനക്കുട്ടി ചരിഞ്ഞതിന് സമീപം ആ മൃതദേഹത്തിന് സമീപം അന്തിമോപചാരം അർപ്പിക്കാനെന്നവണ്ണം കാവൽ നിന്ന ആനകളുടെ കാഴ്ചയാണ് മനുഷ്യരെ പോലും അത്ഭുതപ്പെടുത്തിയത്.

തങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയാനയുടെ മരണം അവരിലുളവാക്കിയ വിഷമമായിരിക്കാം അവിടെ കാവൽ നിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.  അടുത്തടുത്ത് രണ്ട് കുട്ടിയാന മരണങ്ങളാണ് ഇവിടെ സംഭവിച്ചത്. ഞായറാഴ്ച മൂന്നാറിനടത്തുള്ള കുണ്ടള സാന്‍ഡോസ് മേഖലയിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽകണ്ടെത്തിയത്. ഏറെ നേരം ആനകൾ അവിടെ ചരിഞ്ഞ കുട്ടിയാനയുടെ ജഡത്തിന് കാവലായിട്ടുണ്ടായിരുന്നു. ആ ആനക്കൂട്ടം മാറിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വനംവകുപ്പിന് മാറ്റാൻ സാധിച്ചത്.

ഞായറാഴ്ച രാവിലെയാണ് കുണ്ടള സാന്‍ഡോസിലെ പട്ടിക ജാതി കോളനിക്കു സമീപമുള്ള ഗ്രാന്റീസ് തോട്ടത്തില്‍ രണ്ടുവയസ് പ്രായമുള്ള കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അതിന് മുമ്പ് കഴിഞ്ഞ മാസം 31 ന് മൂന്നാർ പ്രദേശത്ത് കാട്ടാനക്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും മനുഷ്യരുടെ ആക്രമണത്തില്‍ നിന്നു കാട്ടാനകളെയും കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നു മനുഷ്യരെയും രക്ഷിക്കാനുള്ള സമഗ്ര പദ്ധതികളുമായി വനംവകുപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ നാലു പേര്‍ മൂന്നാര്‍, മറയൂര്‍ മേഖലകളിലായി കാട്ടാന ആക്രമണത്തില്‍ മരിച്ചതും കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ എട്ടു കാട്ടാനകള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി ചരിയുകയും ചെയ്ത സാഹചര്യത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനില്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ കൂടിയ യോഗത്തില്‍ ജനങ്ങളുടെയും ഒപ്പം കാട്ടാനകളുടെയും നിലനില്‍പ്പും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തീരുമാനമെടുത്തത്.

wild elephant, wild elephant died in munnar, man animal conflict, idukki,

ഒക്ടോബർ 31 ന് മൂന്നാറിൽ മരിച്ച നിലയിൽ കണ്ട കാട്ടാന

ആനകളുടെയും ജനങ്ങളുടെയും സ്വൈര ജീവിതം ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളായിരിക്കും നടപ്പാക്കുകയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് അനില്‍ ഭരദ്വാജ് പറയുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും വനാതിര്‍ത്തിയും സോളാര്‍ വേലികളും മുറിഞ്ഞു പോയ പ്രദേശങ്ങളെക്കുറിച്ചും കാട്ടാനകളുടെ ആവാസ കേന്ദ്രമായിരുന്ന സിങ്കുകണ്ടം 301 കോളനി പോലുള്ള പ്രദേശങ്ങളിലെ കാട്ടാന ശല്യം ഒഴിവാക്കാന്‍ എന്തു ചെയ്യാനാവും എന്നതിനെക്കുറിച്ചു മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും മൂന്നാര്‍ ഡിഎഫ്ഒയുടെയും നേതൃത്വത്തില്‍ പഠനം നടത്തും.

ആനയിറങ്കലിനു സമീപമുള്ള 301 കോളനി 2012 വരെ കാട്ടാനകളുടെ വിഹാരകേന്ദ്രമായിരുന്നു. എന്നാല്‍ 2012-ല്‍ സര്‍ക്കാര്‍ ഇവിടെ 301 കുടുംബങ്ങളെ കുടിയിരുത്തിയതോടെയാണ് മേഖലയിലെ കാട്ടാന ആക്രമണം വര്‍ധിച്ചതെന്നു വനംവകുപ്പ് കണ്ടൈത്തിയിരുന്നു. കാട്ടാന ആക്രമണം മൂലം ആളുകള്‍ ഉപേക്ഷിച്ചുപോയ ഇവിടെ ഇപ്പോള്‍ 13 കുടുംബങ്ങള്‍ മാത്രമാണ് താമസക്കാരായുള്ളതെന്നും ഈ മേഖലയുടെ കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

മൂന്നാറിനു മാത്രമായി പ്രദേശവാസികള്‍ ഉള്‍പ്പടെ പരിശീലനം സിദ്ധിച്ച പ്രത്യേക റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനമാരംഭിക്കും. കാട്ടാനകളെു ആക്രമിക്കുന്നതും വൈദ്യുതി വേലികളില്‍ കടത്തിവിടുന്നതും ഗുരുതമായ കുറ്റമാണെന്നു തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ കണ്ണന്‍ ദേവന്‍ ഉള്‍പ്പടെയുള്ള എസ്റ്റേറ്റുമാനേജുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുമെന്നും അനില്‍ ഭരദ്വാജ് പറഞ്ഞു.

മൂന്നാറില്‍ ഇടതൂര്‍ന്ന വനമില്ലാത്തതിനാല്‍ ആനകളുടെ സൈര്യവിഹാരം തടസപ്പെടുന്നുണ്ടെന്നും ഇതാണ് കാട്ടാന ആക്രമണം വര്‍ധിക്കാന്‍ കാരണമാകുന്നത്. ജനവാസകേന്ദ്രങ്ങളും തേയിലക്കാടുകളും ഏലത്തോട്ടങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിനിടയ്ക്കാണ് 40 ഓളം ആനകള്‍ കഴിയുന്നത്. ആനത്താരകള്‍ നഷ്ടപ്പെട്ടതും കാട്ടാന ആക്രമണം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ