തൊടുപുഴ: മൂന്നാറിൽ വീണ്ടും കാട്ടാന ചരിഞ്ഞു.നാലുമാസത്തിനുളളിൽ ആറ് കാട്ടാനകളാണ് നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്. മൂന്നാര്‍, മറയൂര്‍ വനം ഡിവിഷനു കീഴിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്.

കണ്ണന്‍ദേവന്‍ കമ്പനി ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപമുള്ള പുല്‍മേട്ടിലാണ് ഇന്ന് മോഴ ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസിലധികം പ്രായമുള്ള കാട്ടാനയുടെ ജഡം തൊഴിലാളികള്‍ക്കു താമസിക്കാനായി നല്‍കിയിരിക്കുന്ന ലയങ്ങള്‍ക്കു സമീപമുള്ള കമ്പിവേലിയില്‍ തുമ്പിക്കൈ തട്ടിയ നിലയിലാണ് കണ്ടെത്തിയത്.

ഓഗസ്റ്റില്‍ ചിന്നക്കനാലിലെ തച്ചങ്കരി എസ്‌റ്റേറ്റില്‍ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞിരുന്നു. ഇതേ രീതിയില്‍ ഷോക്കേറ്റു തന്നെയാണ് തിങ്കളാഴ്ചയും ആന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാനാവുകയുള്ളുവെന്നാണ് മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്രബാബു പറഞ്ഞു.

മൂന്നാര്‍ മേഖലയില്‍ കാട്ടാനകള്‍ ചരിയുന്നത് അസാധരണമായ വിധത്തിൽ വർധിക്കുകയാണ്.
നാലുമാസത്തിനിടെ ആറു കാട്ടാനകളാണ് മേഖലയില്‍ ദുരൂഹ സാഹചര്യങ്ങളില്‍ ചരിഞ്ഞത്.

Read More: ആനയിറങ്കൽ ഡാമിലെ സ്പീഡ് ബോട്ട് സർവീസ് നിയന്ത്രിക്കണമെന്ന് വനംവകുപ്പ്

കഴിഞ്ഞ ജൂലൈ 25 ന് കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റില്‍ വച്ചു ജെസിബി കൊണ്ടുള്ള അടിയേറ്റ കാട്ടാനയെ പിറ്റേന്നു ചരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓഗസ്റ്റ് അഞ്ചിന് മൂന്നാറിനു സമീപമുള്ള തലയാര്‍ എസ്റ്റേറ്റില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് പത്തിനാണ് ചിന്നക്കനാലിലെ തച്ചങ്കരി എസ്റ്റേറ്റില്‍ കാട്ടാന ഷോക്കേറ്റു ചരിഞ്ഞത്. ഓഗസ്റ്റ് 20ന് അടിമാലിയില്‍ ഒറ്റപ്പെട്ട നിലയിലുള്ള കെട്ടിടം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം വീണ് കാട്ടാന ചരിഞ്ഞിരുന്നു. ഓഗസ്റ്റ് 22-നാണ് മൂന്നാറിലെ ചൊക്കനാട് എസ്‌റ്റേറ്റില്‍ പൂര്‍ണ ഗര്‍ഭിണിയായ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

Read More: മൂന്നാറിൽ കാട്ടാനകളുടെ മരണം തുടർക്കഥയാകുന്നു

മനുഷ്യ – മൃഗ സംഘർഷം ഈ മേഖലയിൽ ഏറുന്ന സാഹചര്യത്തിലാണ് ആനകൾ ചരിയുന്നതും വ്യാപകമാകുന്നത്. കാട് നശിച്ചതുൾപ്പടെയുളള സംഭവങ്ങളാണ് മനുഷ്യ- മൃഗ സംഘർഷത്തിന് വഴിയൊരുക്കിയതെന്നാണ് പരിസ്ഥിതി പ്രവർത്തകരും വനം വകുപ്പ് അധികൃതരും പറയുന്നത്.

മൂന്നാറിലും പരിസര പ്രദേശത്തും വർധിച്ച കാട്ടാനശല്യം തടയുന്നതിന് ആനയിറങ്കൽ ഡാമിലെ സ്പീഡ് ബോട്ട് സർവീസിന് നിയന്ത്രണം കൊണ്ടുവരണമെന്ന് നേരത്തെ വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ