തൊടുപുഴ: വേനല്‍കനത്തതോടെ ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലക്കിറങ്ങുന്നു. മൂന്നാര്‍, മറയൂര്‍, അടിമാലി, ആനയിറങ്കല്‍, സിങ്കുകണ്ടം എന്നിവിടങ്ങളില്‍ സമീപകാലങ്ങളിലായി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. വരൾച്ച രൂക്ഷമായതോടെയാണ് കാട്ടാനകളുടെ നാടിറക്കം കൂടുതലായിരിക്കുന്നത്.

കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി ടാങ്കറില്‍ മൂന്നാറിനടുത്തുള്ള ചെണ്ടുവരയില്‍ എത്തിച്ച ടാങ്കറാണ് കാട്ടാനയുടെ ദാഹം തീർക്കാൻ അടുത്തിടെ സഹായിച്ചത്. ചെടി നനയ്ക്കാനായി ടാങ്കറിൽ സൂക്ഷിച്ചിരുന്ന വെള്ളം മുഴുവന്‍ ദാഹിച്ചു വലഞ്ഞ കാട്ടാന അകത്താക്കി. കാട്ടാന ടാങ്കറിൽ നിന്നുളള​ വെളളം കുടിക്കുന്ന പടമാണ് ഇപ്പോൾ​ ചർച്ചാ വിഷയം. വനത്തിൽ രൂക്ഷമായ വരൾച്ചയടെ കാഠിന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് വനംവകുപ്പ് ജീവനക്കാരും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പറയുന്നു. ഇത് വരാനിരിക്കുന്ന വരള്‍ച്ചയുടെ കാഠിന്യം തുറന്നുകാട്ടുന്നതാണ്.

മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമായി നാളുകളായി പടയപ്പയും ഗണേശനും എന്നിങ്ങനെയുളള​ ആനപ്രേമികളുടെ ഓമനകളായ കൊമ്പന്മാർ ഉള്‍പ്പടെയുള്ള കാട്ടാനകള്‍ കറങ്ങിനടക്കുകയാണ്. വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജീവനില്‍ ഭയന്നു സഞ്ചരിക്കേണ്ടി വരുന്നത് പാവം പ്രദേശവാസികള്‍ക്കാണ്. കഴിഞ്ഞയാഴ്ച കുണ്ടള സാന്‍ഡോസ് കോളനിയില്‍ അംഗന്‍വാടി കുട്ടികളും അമ്മമാരും കാട്ടാനയുടെ മുന്നില്‍ നിന്നു തലനാരിഴയ്ക്കാണു രക്ഷപെട്ടത്. കാട്ടാനകള്‍ വ്യാപകമായി പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ക്കൂടി രാത്രി യാത്ര ഒഴിവാക്കണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്തിയാല്‍ ആനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതു തടയാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യ ജീവി സങ്കേതം അധികൃതര്‍ വനത്തിനുള്ളിലെ കുളങ്ങളിലും മറ്റും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. വെള്ളം സമൃദ്ധമായി ലഭിച്ചതോടെ മൃഗങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു കുറഞ്ഞിരുന്നു. ഇതേ മാതൃകയില്‍ വനാതിര്‍ത്തി പങ്കിടുന്ന മറ്റു പ്രദേശങ്ങളിലും വനത്തിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

വനാതിര്‍ത്തി പങ്കിടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വേനല്‍ക്കാലങ്ങളില്‍ സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. വനാതിര്‍ത്തി പങ്കിടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കിറങ്ങുന്ന മൃഗങ്ങളുടെ ചിത്രം പകര്‍ത്താനും കാട്ടാന ഉള്‍പ്പടെയുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കാനും വിനോദ സഞ്ചാരികള്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ