പന്തളം: നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ചനിലയില്‍ കണ്ടെത്തി. വീടിന്റെ ഒന്നാംനിലയിലെ ടെറസിൽ ഇന്നു പുലർച്ചെ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് ആശയെ കണ്ടത്. ഉടൻ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഉല്ലാസ് താഴത്തെ നിലയിലാണ് ഉറങ്ങാൻ കിടന്നതെന്നാണു റിപ്പോർട്ടുകൾ. ആശയും മക്കളും ഒന്നാം നിലയിലായിരുന്നു. കുറച്ചുകഴിഞ്ഞ് മുകളിലെ നിലയിലെത്തിയ ഉല്ലാസ് ഭാര്യയെ കണ്ടില്ല. തുടർന്ന് എല്ലാ മുറികളിലും പരിശോധന നടത്തി. എന്നിട്ടും കാണാഞ്ഞതോടെ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണു ടെറസില്‍ ഉണങ്ങാനിട്ട തുണികള്‍ക്കിടയിൽ ആശ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അതിനിടെ, ഉല്ലാസും തന്റെ മകളും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശയുടെ പിതാവ് ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ജീവനൊടുക്കിയതെന്നാണു കരുതുന്നത്. തിങ്കളാഴ്ച രാവിലെയും വൈകീട്ടും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞില്ല. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളതെന്നും ശിവാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത കാലത്താണ് പുതിയ വീടുവച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണു പൊലീസ്.