lതിരുവനന്തപുരം: മെട്രോയിൽ കയറി വികസന യാത്ര തുടങ്ങിയ പിണറായി വിജയനും ഇടതുസർക്കാരിനും വികസനയാത്രയിൽ നിന്നും പുതുവൈപ്പിൽ ഇറങ്ങേണ്ടി വരുന്ന ഗതികേടിലാക്കിയിരിക്കുകയാണ് പൊലീസ് നടപടി. പിണറായി വിജയനും ഉപദേശക വൃന്ദവും പൊലീസുമല്ലാതെ എല്ലാവരും സർക്കാരിനും പൊലീസിനുമെതിരെ തിരിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ നടപടികൾ. സ്ഥിരം ഗൂഢാലോചന, തീവ്രവാദ സിദ്ധാന്തങ്ങളുമായി രംഗത്തെത്താൻ ശ്രമിച്ചുവെങ്കിലും സി പിഎമ്മിന് ഉളളിൽ നിന്നു പോലും ആ നീക്കത്തിന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ്  ഇപ്പോഴത്തെ സ്ഥിതിഗതികൾ നൽകുന്ന സൂചന. ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പിഴവുകളാണ് പൊലീസ് നടപടികളുടേത് എന്ന നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം കരുനീക്കുന്പോൾ,  കെട്ടിപ്പൊക്കിയ പ്രതിച്ഛായ പ്രതിരോധങ്ങളുടെ കവചകുണ്ഡലങ്ങൾ തകർന്നുവീഴുന്നതാണ് കാണുന്നത്.

പൊലീസ് തൊട്ട സംഭവങ്ങളെല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പൊലീസ് അതിക്രമങ്ങളായി മാറുന്ന സ്ഥിതിയാണ് കേരളത്തിലിപ്പോഴെന്ന് ഇടതുമുന്നണിയിൽ തന്നെ അഭിപ്രായമുയരുന്നു. സി പി എമ്മിലെയും സി പി ഐ ലെയും മുതിർന്ന നേതാക്കൾ പോലും പൊലീസിനെതിരെ നിലപാടുമായി വരുന്നത് ഇത് ആദ്യമല്ല.   സർക്കാർ അധികാരമേറ്റെടുത്ത് അധികം വൈകാതെ പൊലീസ് വഴികളെ ന്യായീകരിക്കാനുളള​ ബാധ്യത മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വന്നു. ഒപ്പം നിൽക്കുന്നവർ പോലും പൊലീസിനെതിരെ തിരിയുമ്പോഴും അധികാരിയുടെ നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സിപി എമ്മിലെ മുതിർന്ന നേതാക്കളായ വി എസ് അച്യുതാന്ദൻ, എം എ ബേബി, സി പി ഐ എന്നിവർ പൊലീസ്  നടപടി തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തു വന്നു. തൊട്ടുപിന്നാലെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ​ ഉൾപ്പടെ അരങ്ങേറിയ ക്രൂരമായ പൊലീസ് മർദ്ദനങ്ങളും അതുമായി ബന്ധപ്പെട്ട് നടന്ന മരണങ്ങളും വിവാദമായി. കൊച്ചിയിൽ സി പി എം പ്രാദേശിക നേതാവിനെയും കുടുംബത്തെയും പൊലീസ്  സിനിമാ ശൈലിയിൽ ആക്രമച്ചിതോടെ കാര്യങ്ങൾ കൈവിട്ടു.

ഇത് അതിന്റെ മൂർധന്യത്തലെത്തിയത് സ്വശ്രയ കോളജ് ആയ നെഹ്രു കോളജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ്. ഇതേ തുടർന്ന്  പൊലീസിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ഇതേ സമയത്തു തന്നെയാണ് മനുഷ്യാവകാശ പ്രവർത്തകനായ നദിയെയും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുയമായ  കമൽ സി ചവറയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുയും ചെയ്ത നടപടികൾ വിവാദമായത്. ഈ​ വിവാദങ്ങൾ കത്തിപടരുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐ​നേതൃത്വത്തിൽ നടന്ന സദാചാര പൊലീസിങിൽ പൊലീസ് സ്വീകരിച്ച നിലപാട്  വിവാദങ്ങൾക്ക് വഴിയൊരുക്കി.

ഇതിന് ശേഷമായിരുന്നു ജിഷ്ണുവിന്റെ അമ്മയെയും കുടുംബത്തെയും ഡി ജി പി ഓഫീസിന് മുന്നിൽ പൊലീസ് ആക്രമിച്ചത് വിവാദമായിരുന്നു. സി പിഎം കുടുംബമാണ് ജിഷ്ണുവിന്റേത് എന്നത് വിവാദങ്ങൾക്ക് കൂടുതൽ എരിവ് പകർന്നു. ഇപ്പോഴും കെട്ടടങ്ങാതെ പുകഞ്ഞു കത്തുന്ന വിവാദമാണ് മഹിജയുടേത്.

ഇതിന് തൊട്ടുപിന്നാലെ കേരളത്തിലരങ്ങേറിയ പീഡനക്കേസുകളിൽ പൊലീസ് പ്രതിസ്ഥാനത്തായത്. വാളയാറിൽ സഹോദരിമാരായ രണ്ട് കുഞ്ഞുങ്ങങ്ങളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായി. ഇതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയിൽ സമ്മതിക്കേണ്ടി വന്നു. കൊല്ലത്തും സമാനമായ വിഷയമുണ്ടായി. ഇതിനിടയിൽ കരുനാഗപ്പളളിയിലും കൊച്ചി മറൈൻ ഡ്രൈവിലും സദാചാരഗുണ്ടകൾ രാഷ്ട്രീയ പാർട്ടികളുടെ പേരിലും അല്ലാതെയും നടത്തിയ​ അക്രമങ്ങളും അതിന് പൊലീസ് കുടപിടിച്ചതും സർക്കാരിന് തലവേദനയായി മാറിയിരുന്നു.

യതീഷ് ചന്ദ്ര യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഒരു വൃദ്ധനെ നടുറോഡിൽ ആക്രമിക്കുന്ന ചിത്രം ഉയർത്തിയാണ് എൽ ഡി എഫ് വോട്ട് പിടിച്ചതെന്നതും ഇപ്പോൾ പിണറായിയെ തിരിഞ്ഞു കുത്തുന്നു.​അന്ന് ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും ഇന്ന് പൊലീസ് നടപടിയെ ന്യായീകരിക്കാനെത്തുമ്പോൾ അവർക്ക് വിനയാകുന്നു.

പുതുവൈപ്പ് വിഷയത്തിൽ വി എസ് അച്യുതാനന്ദൻ യതിഷ് ചന്ദ്രയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. സി പി ഐയും പൊലീസ് നടപടിക്കെതിരെ നിലപാട സ്വീകരിച്ചിട്ടുണ്ട്. എ ഐ വൈ എഫ് പുതുവൈപ്പിൽ മാർച്ച് നടത്തിയത് അത്തരമൊരു സാഹചര്യത്തിലാണ്.  പുതുവൈപ്പിൽ സർക്കാർ നൽകിയ ഉറപ്പുകളാണ് പൊലീസ് നടപടികളിലൂടെ അട്ടിമറിക്കപ്പെട്ടത്. ഇത്  സർക്കാരിലുളള വിശ്വാസമാണ് ജനങ്ങൾക്ക് നഷ്ടമാവുകയെന്ന് ഇടതുമുന്നണി നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.  സർക്കാർ ഒപ്പമുണ്ടെന്ന്  പരസ്യവാചകം കൊണ്ട് മാത്രം കാര്യമില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.  ഉന്നതനായ ഒരു ഇടതുപക്ഷനേതാവ് 1980ൽ അധികാരത്തിലേറിയ നായനാർ സർക്കാരിന്റെ ഗതിയിലേയ്ക്ക് ഇതിനെ തളളിവിടുമോ എന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ