കൊച്ചി: വെയിൽ അസ്ഥാനത്ത് അടിച്ചാലും എഴുന്നേൽക്കാൻ സാധിക്കാത്ത വിധം കൊടും തണുപ്പ്. കുളിക്കാൻ കയറിയാൽ വെളളം ദേഹത്തൊഴിക്കാൻ ധൈര്യമില്ലായ്മ, കട്ടി വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി. ഇത് അനുഭവിക്കാത്ത നാടും നാട്ടുകാരും കേരളത്തിൽ കുറവാണ്.

മൂന്നാറിൽ ഇന്നലെ മൈനസ് മൂന്ന് ഡിഗ്രി ആയിരുന്നു തണുപ്പ്. അതിന് മുൻപത്തെ ദിവസം തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയും. തണുപ്പ് ഈ നിലയിൽ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന വിവരം.

എന്തുകൊണ്ടാണ് ഇങ്ങിനെ കേരളം തണുത്ത് വിറയ്ക്കുന്നതെന്ന് അറിയാമോ? അതിന് ഒന്നല്ല, മൂന്ന് കാരണങ്ങളാണ് ഉളളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ റഡാർ റിസർച്ച് സെന്ററിലെ റിസർച്ച് സയന്റിസ്റ്റ് എംജെ മനോജ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് അന്തരീക്ഷ വ്യതിയാനത്തെ കുറിച്ച് വിശദീകരിച്ചു.

“അസാധാരണമായ അന്തരീക്ഷ വ്യതിയാനത്തിന് മൂന്ന് കാരണങ്ങൾ ഉണ്ട്. സൂര്യന് വളരെയടുത്തായി 5000 മുതൽ 10000 വരെ വ്യാസം ദൈർഘ്യമുളള വായു രൂപാന്തരപ്പെടും. ഇത് ഇടതുനിന്നും വലതുവശത്തേക്ക് കറങ്ങിക്കൊണ്ടിരിക്കും. ഇതിനെ പോളാർ വോർട്ടക്സ് എന്നാണ് പറയുക. ഇത് ദുർബലമാകുന്നതോടെ സൂര്യന് ചുറ്റും അത്യധികം ചൂട് അനുഭവപ്പെടും. അന്തരീക്ഷത്തിൽ ഭൂമിയോട് ചേർന്ന് കിടക്കുന്ന ട്രോപ്പോസ്ഫിയറിന് മുകളിലായുളള സ്ട്രാറ്റോസ്ഫിയറിൽ തണുപ്പായിരിക്കും അനുഭവപ്പെടുക. ഇതിന് തീവ്രത കൂടുതലായിരിക്കും. അതിനാൽ തന്നെ ഭൂമിയിലും ഇതിന്റെ തീവ്രത അനുഭവപ്പെടും.”
“മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ വരുന്ന വെസ്റ്റേൺ ഡിസ്റ്റർബൻസാണ് (പടിഞ്ഞാറൻ കാറ്റിലൂടെയുണ്ടാകുന്ന പ്രതിഭാസം) കാരണം. സാധാരണ ഈ കാറ്റ് ഇന്ത്യയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാാണ് വീശാറുളളത്. ഇക്കുറി ഇത് ദക്ഷിണേന്ത്യയിലും എത്തി.”
“മൂന്നാമതായി ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന് പോയ പൊടിപടലങ്ങൾ ഇവിടെയൊരു പാളിയായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടാകാം. ഇത് സൂര്യനിൽ നിന്നുളള താപം ഒരു പരിധിവരെ നിയന്ത്രിക്കുന്നതുമാകാം. പക്ഷെ ഇതിന്റെ എഫക്ട് എത്രത്തോളമാണെന്ന് കൂടുതൽ പഠനം നടത്തി മാത്രമേ തെളിയിക്കാനാവൂ,” എന്നും മനോജ് വിശദീകരിച്ചു.