scorecardresearch

ജെബി കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തെടുത്ത് എൽഡിഎഫ്; തിരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് സഭാ നേതൃത്വം

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു

author-image
Shaju Philip
New Update
Pinarayi Vijayan

പിണറായി വിജയൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് അടുക്കുന്നതിനായി ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ സജീവമാക്കിയിരിക്കുകയാണ്. 

Advertisment

Also Read:അഭ്യൂഹങ്ങൾ തള്ളി റോഷി അഗസ്റ്റിൻ; കേരള കോൺഗ്രസ് എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി

എന്നാൽ, സർക്കാരിന്റെ ഈ നീക്കം വെറും 'തെരഞ്ഞെടുപ്പ് തന്ത്രം' മാത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ക്രൈസ്തവ സഭയിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

എന്താണ് കോശി കമ്മീഷൻ? 

കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി 2020 നവംബറിലാണ് പിണറായി വിജയൻ സർക്കാർ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ വലിയൊരു ഭാഗം മുസ്ലിം വിഭാഗം കൊണ്ടുപോകുന്നു എന്ന ചില ക്രൈസ്തവ സംഘടനകളുടെ പരാതിയെ തുടർന്നായിരുന്നു ഈ നീക്കം. 2023 മെയ് മാസത്തിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ അത് പരസ്യപ്പെടുത്തിയിട്ടില്ല.

വിവാദത്തിന് കാരണം

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. ആകെയുള്ള 329 ശുപാർശകളിൽ 220 എണ്ണം വിവിധ വകുപ്പുകൾ നടപ്പിലാക്കിയെന്നും ബാക്കിയുള്ളവ ചർച്ച ചെയ്യാൻ ഫെബ്രുവരി ആറിന് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Also Read:ശബരിമലയിൽ കടുത്ത നിയന്ത്രണം; 11 മണി കഴിഞ്ഞാൽ കടത്തിവിടില്ല, മകരവിളക്കിന് 35,000 പേർ മാത്രം

എന്നാൽ ഈ പ്രസ്താവനയെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) തള്ളിക്കളഞ്ഞു. ഇത് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നാണ് സഭയുടെ നിലപാട്. റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ ഏത് ശുപാർശയാണ് നടപ്പിലാക്കിയതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് കെ.സി.ബി.സി സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷൻ സെക്രട്ടറി ഫാദർ മൈക്കൽ പുളിക്കൽ പറഞ്ഞു.

ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവെക്കുന്ന ബി.ജെ.പിയും ഈ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായി രംഗത്തുണ്ട്. മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച പാലോളി കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് 28 ദിവസത്തിനുള്ളിൽ നടപ്പിലാക്കിയ ഇടതു സർക്കാർ, കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ 32 മാസം കഴിഞ്ഞിട്ടും അടയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കുറ്റപ്പെടുത്തി. മദ്രസ അധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ സൺഡേ സ്‌കൂൾ അധ്യാപകരോട് അവഗണന കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സമീപകാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ക്രൈസ്തവ സ്വാധീനമുള്ള ഈ മേഖലയിൽ യു.ഡി.എഫ് കരുത്താർജ്ജിക്കുന്നത് സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) നും ഇതിന്റെ പേരിൽ കടുത്ത സമ്മർദ്ദമുണ്ട്.

ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയപ്പോൾ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ നീക്കവും ക്രൈസ്തവ സംഘടനകളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കോശി കമ്മീഷൻ റിപ്പോർട്ടിലൂടെ ക്രൈസ്തവ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കം സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. എന്നാൽ റിപ്പോർട്ട് പുറത്തുവിടാത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Read More:ബലാത്സംഗക്കേസ്; രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: