തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അപഹാസ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബപ്രശ്‌നം കാരണം മനംനൊന്താണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വം നയം വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. ഏത് വിധേനയും ബലിദാനികളെ സൃഷ്ടിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലിനെതിരെ ജനകീയ മുന്നേറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി ഹര്‍ത്താലില്‍ വലഞ്ഞത് യാത്രക്കാരാണ്. തലസ്ഥാനത്ത് തമ്പാനൂരില്‍ റെയിൽവേ സ്റ്റേഷന് മുന്നില്‍ ആര്‍സിസിയിലേക്ക് അടക്കം പോകേണ്ട യാത്രക്കാര്‍ വാഹനങ്ങളില്ലാതെ ബുദ്ധിമുട്ടി. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഓടുന്നുള്ളൂ. പൊലീസ് സഹായം ഒരുക്കുന്നുണ്ട്.

ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിച്ചു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്‌സി വിളിച്ചാണ് തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ വരെ പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

പാലക്കാട് അക്രമമുണ്ടായി. കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ പുലര്‍ച്ചെ മൂന്നരയോടെ എത്തിയ അക്രമി സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. ഡിപ്പോയുടെ പുറത്ത് നിര്‍ത്തി ഇട്ടിരുന്ന ബസ്സുകളാണ് ആക്രമിക്കപ്പെട്ടത്. കോഴിക്കോടും മറ്റു വടക്കന്‍ ജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലുള്ളൂ. യാത്രക്കാരെ എത്തേണ്ടിടത്ത് എത്തിക്കാനായി പൊലീസ് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇതേ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്. അതേസമയം, ശബരിമല പ്രശ്‌നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.