കൊച്ചി: ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയിൽ നിയമിച്ചതിന് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന തച്ചങ്കരിയെ സുപ്രധാന പദവിയിൽ എന്തിന് നിയമിച്ചു എന്ന് ഹൈക്കോടതി ചോദിച്ചു. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.

എന്തുകൊണ്ടാണ്‌ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ വൈകുന്നതെന്ന് ഡിവിഷന്‍ ബഞ്ച് ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടായക്കിയത്. ജൂണ്‍ 28 ന് കേസ് പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

സുപ്രീംകോടതി നിർദേശപ്രകാരം സെൻകുമാറിനെ പുനർ നിയമിക്കും മുൻപ് പൊലീസ് ആസ്ഥാനത്ത് ഉൾപ്പെടെ അഴിച്ചുപണി നടത്തിയതു പൊലീസിനെ സർക്കാരിന്റെ കൈപ്പിടിയിൽ ഒതുക്കാനാണെന്നായിരുന്നുവെന്നാണ് ഹർജിയിലെ ആരോപണം. രാമങ്കരി സ്വദേശി ജോസ് തോമസാണ് ഇതുമായി ബന്ധപ്പെട്ടു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. പൊലീസ് ആസ്ഥാനത്ത് ഉന്നതപദവി വഹിക്കുന്ന ഉദ്യോഗസ്ഥനു കളങ്കമില്ലാത്ത സൽപേരുണ്ടാകണമെന്ന വാദവും ഹർജിയിൽ മുന്നോട്ടുവച്ചു. തുടർന്ന്, ഈ വിഷയത്തിൽ വിശദീകരണമുൾപ്പെടുത്തി സർക്കാർ സത്യവാങ്മൂലം നൽകണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.

തച്ചങ്കരിക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ടെന്നും വകുപ്പുതല നടപടി പരിഗണനയിലാണെന്നുമുള്ള ആരോപണങ്ങൾക്കു സർക്കാർ മറുപടി നൽകണമെന്ന് കഴിഞ്ഞ ദിവസം ഒരു ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒപ്പം, തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതു സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിനെ നിരീക്ഷിക്കാനാണോ എന്ന ചോദ്യത്തിനും ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.