scorecardresearch
Latest News

ഷട്ടറുകൾ തുറക്കുന്നത് ഇത് മൂന്നാം തവണ!

ചരിത്രത്തിൽ ആദ്യമായാണ് ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറക്കുന്നത്

ഷട്ടറുകൾ തുറക്കുന്നത് ഇത് മൂന്നാം തവണ!

തൊടുപുഴ: 1975 ൽ ഇടുക്കി ഡാം കമ്മീഷൻ ചെയ്തതിനു ശേഷം മൂന്നാമത്തെ തവണയാണ് ഇടുക്കിയിൽ ചെറുതോണിയുടെ ഷട്ടറുകൾ തുറക്കുന്നത്. മുൻപ് 1981 ലെയും 1992 ലെയും മഴക്കാലങ്ങളിലാണ് ഇതുപോലെ ഷട്ടറുകൾ തുറന്നത്. മുൻപുള്ള രണ്ടു അവസരങ്ങളിലും വടക്കുകിഴക്കൻ മൺസൂണിനോട് അനുബന്ധിച്ച് ഒക്ടോബറിലായിരുന്നു ഡാം തുറന്നിരുന്നത്. എന്നാൽ, ഇതാദ്യമായാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ഇടുക്കി ഡാമും ഇടമലയാർ ഡാമും തുറന്നു കാണുന്നത്.

അണക്കെട്ടിലെ വെള്ളം 2,399.04 അടിയ്ക്കു മുകളിലായത് കണക്കിലെടുത്താണ് ഇത്തവണ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുക്കുന്ന ഘട്ടത്തിലാണ് ഷട്ടറുകൾ തുറക്കാൻ അധികാരികൾ നിർബന്ധിതരായിരിക്കുന്നത്.

സെക്കന്റിൽ 50 ക്യൂബിക് മീറ്റർ എന്ന കണക്കിൽ വെള്ളം ഒഴുക്കികളഞ്ഞിട്ടും  ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ സെക്കന്റിൽ 100 ക്യൂബിക് മീറ്ററായി ഉയർത്താനായിരുന്നു അധികാരികളുടെ തീരുമാനം. എന്നാൽ ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും ജലനിരപ്പിലെ വെള്ളം കൂടുന്നതുമായ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ശക്തിയോടെ വെള്ളം ഒഴുക്കി കളയാൻ തീരുമാനിച്ചു. അതിനിടെ നാലു ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഇതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ചരിത്രത്തിൽ ആദ്യമായാണ് ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറക്കുന്നത്.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഈ കാലവർഷം, കേരളമൊന്നാകെ 15 ശതമാനം കൂടുതൽ മഴ കിട്ടിയപ്പോൾ ഇടുക്കി ജില്ലയിൽ 41% ശതമാനം മഴയാണ് ഓഗസ്റ്റ് 8വരെ അധികമായി ലഭിച്ചത്. ഇതാണ് ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.

വെള്ളം ഒഴുകുന്ന വഴികൾ

ഇടുക്കി ജലസംഭരണിയ്ക്ക് മൂന്നു അണക്കെട്ടുകളാണ് ഉള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ ഇടുക്കി ആർച്ച് ഡാമിന് ഷട്ടറുകളില്ല. അതേസമയം, 43 കിലോ മീറ്റർ അകലെയുള്ള മൂലമറ്റത്തെ ഭൂഗർഭ പവർ സ്റ്റേഷനിലേക്ക് വെള്ളം കൊണ്ടുപോകാൻ കുളമാവ് ഡാമിന് പെൻസ്റ്റോക്ക് പെപ്പുകളാണ് ഉള്ളത്. 780 എംഡബ്ള്യു കപ്പാസിറ്റിയുള്ള ആറ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള വെള്ളമാണ് ഈ അണക്കെട്ടിൽ ഉള്ളത്.

അതുകൊണ്ട് അണക്കെട്ടിൽ ജലനിരപ്പ് കൂടുമ്പോൾ ആദ്യം ചെറുതോണി ഡാം തുറക്കും. ഈ വെള്ളം സ്പിൽവേയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. ഡാം അതിന്റെ പരമാവധി സംഭരണശേഷിയിലെത്തിയപ്പോഴാണ് ഇപ്പോൾ ചെറുതോണിയുടെ ഷട്ടറുകൾ തുറന്നത്. ചെറുതോണിയിലെ പനംകുട്ടി വെള്ളച്ചാട്ടവും മുതിരപുഴയാറും ഡാമിലെ വെള്ളത്തിനൊപ്പം ചേർന്ന് പെരിയാറിലേക്കൊഴുകയാണ്. ചെറുതോണി, കുളമാവ് ഡാമുകൾ തുറന്നുവിട്ടതോടെ പെരിയാറിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. മുതിരപുഴയാറിനൊപ്പം കല്ലാർക്കുട്ടിയിലെ പവർ ജനറേഷൻ ഡാമും ലോവർ പെരിയാർ ഡാമുകളും കൂടി നിറഞ്ഞൊഴുകുന്നതോടെ പെരിയാറിന്റെ രൗദ്രത കൂടുകയാണ്.

അണക്കെട്ടിൽ നിന്നും കടലിലേക്കുള്ള പെരിയാറിന്റെ ഒഴുക്കിൽ ഇടമലയാറിൽ നിന്നുള്ള വെള്ളം കൂടി ചേരുന്നുണ്ട്. ഇടമലയാറിന്റെ ഷട്ടറുകൾ വ്യാഴാഴ്ച തന്നെ തുറന്നിരുന്നു. ചെറുതോണിയിൽ നിന്നൊഴുകുന്ന വെള്ളം ലോവർ പെരിയാർ, നേര്യമംഗലം വഴി ഭൂതത്താൻ കെട്ടും കടന്നാണ് പോകുന്നത്. കാലടി മുതൽ ആലുവ വരെയുള്ള പെരിയാറിന്റെ യാത്ര 24 കിലോമീറ്ററോളം സഞ്ചരിച്ചാണ് അറബിക്കടലിൽ എത്തിച്ചേരുന്നത്. പെരിയാറിന്റെ മറ്റൊരു കൈവഴി ആലുവ മുതൽ കൊച്ചിയുടെ ഉദ്യോഗമണ്ഡൽ വഴി ഒഴുകി വേന്പനാട്ട് കായലിലും ചേരുന്നു.

കൊച്ചിൻ എയർപോർട്ടിനു ഭീഷണിയാകുന്ന ജലമൊഴുക്ക്

നിലവിലെ സാഹചര്യം പാടം നികത്തി പണിത കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേയ്ക്ക് ഭീഷണിയുയർത്തുന്നുണ്ട്. 2013 ൽ ഇടമലയാർ ഡാം തുറന്നപ്പോൾ റൺവേയിൽ വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിനു സമീപമുള്ള പെരിയാറിന്റെ കൈവഴിയായ ചെങ്ങൽത്തോട്ടിൽ ജലനിരപ്പുയർന്നതാണ് പ്രശ്നമായത്. പെരിയാർ നിറഞ്ഞൊഴുകുന്നത് ആശങ്ക ഉയർത്തുന്ന സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂർ വിമാനമിറങ്ങുന്നത് നിർത്തിവച്ചിരുന്നു. ഈ സമയത്തെത്തിയ മൂന്നു വിമാനങ്ങളെ തിരിച്ചയച്ചു. എന്നാൽ ടേക്ക് ഓഫിനെ ഇതു ബാധിച്ചിരുന്നില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Why for only third time idukki dam is open kerala