തിരുവനന്തപുരം: ശബരിമലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപിയാണെന്നതിന് തെളിവാണ് പുറത്തു വന്ന സര്‍ക്കുലറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാർ ശബരിമലയിൽ യുവതികളെ കയറ്റാൻ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ വലിയ സ്ത്രീ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും അണികൾക്ക് ഇത്തരം നിർദേശം നൽകിയിട്ടില്ല. ഇത് കൂടാതെ മണ്ഡല മകരവിളക്കിന് നടതുറന്ന ശേഷം യുവതികളാരും അവിടെ കയറിയിട്ടുമില്ല. പിന്നെന്തിനാണ് ശബരിമല കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി ചോദിച്ചു.

പിണറായിയെ അറബിക്കടലില്‍ എറിയുമെന്നത് എ.എന്‍.രാധാകൃഷ്ണന്റേത് വെറും മോഹം മാത്രമാണെന്നും കോടിയേരി പറഞ്ഞു. ‘കേരളത്തിൽ കലാപം സൃഷ്ടിക്കാനാനുള്ള ആർഎസ്എസ്സിന്‍റെ ശ്രമങ്ങളാണിത്. സന്നിധാനവും നടപ്പന്തലും സമരഭൂമിയാക്കി മാറ്റരുത്. ഇവർ വിശ്വാസികളാണെങ്കിൽ വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് ചെയ്യേണ്ടത്. ഖാലിസ്ഥാൻ സിഖ് തീവ്രവാദികൾ സുവർണ ക്ഷേത്രം കൈയ്യടക്കി കലാപ ഭൂമിയാക്കാൻ ശ്രമിച്ചത് പോലെയാണ് ശബരിമലയിൽ ആർഎസ്എസിന്‍റെ നീക്കം. കെ.സുരേന്ദ്രന്‍ വിശ്വാസി അല്ലെന്ന് ഇരുമുടിക്കെട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതോടെ ജനങ്ങള്‍ക്ക് ബോധ്യമായി,’ കോടിയേരി പറഞ്ഞു.

‘ശബരിമല ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ആർഎസ്എസ് മനുഷ്യകവചമാക്കുകയാണ്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.