കൊച്ചി: ചൊവ്വാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റാണ് ബെവ് ക്യൂ ആപ്പ് ഈ ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം എന്നുള്ള കുറിപ്പും ഒരു വെബ്‌സൈറ്റ് ലിങ്കും. ഈ ലിങ്കില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരം ലഭിച്ചവര്‍ കേരളത്തിലെ മദ്യ ഉപഭോക്താക്കളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ്.

ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ തിരഞ്ഞ് കൈകുഴഞ്ഞവരും അനവധിയാണ്. പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തിട്ടില്ലാത്തതിനാല്‍ ആപ്പ് ലഭിക്കില്ലെന്ന് അറിയാതെയാണ് അവര്‍ തിരഞ്ഞു കൊണ്ടിരുന്നത്.

Read Also: മദ്യ വിൽപ്പന നാളെ മുതൽ; ബുക്കിങ് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ

ബെവ് ക്യൂ ആപ്പിന്റെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസിന്റെ കണക്കനുസരിച്ച് 10,000-ത്തോളം പേര്‍. പക്ഷേ ഇത്രയും പേര്‍ ഡൗണ്‍ലോഡ് ചെയ്തത് ഈ ലിങ്ക് പുറത്തായി ഒന്ന് രണ്ട് മിനിട്ടിനുള്ളിലാണെന്ന് കമ്പനി സിടിഒ രജിത് രാമചന്ദ്രന്‍ പറഞ്ഞു.

ആപ്പിന്റെ അന്തിമ വെര്‍ഷന്‍ പ്ലേ സ്റ്റോറില്‍ ഇടുന്നതിന് മുമ്പ് ബീറ്റാ വെര്‍ഷന്‍ പരീക്ഷണത്തിനായി പ്ലേ സ്റ്റോറിലെ ഇട്ടതിന്റെ ലിങ്ക് കമ്പനിയില്‍ നിന്നും ചോര്‍ന്ന് പുറത്ത് വന്ന ലിങ്കാണ് ഭൂരിപക്ഷം പേര്‍ക്കും കിട്ടിയത്. ചൊവ്വാഴ്ചയാണ് ഈ ലിങ്ക് ചോര്‍ന്നത്. ഈ ലിങ്കിലേക്ക് ഒരു മിനിട്ട് കൊണ്ട് 20,000 പേര്‍ എത്തിയെന്ന് കമ്പനിയുടെ രജിത് പറഞ്ഞു. പതിനായിരത്തോളം പേര്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read Also: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു

ആപ്പിന്റെ വിവിധ സുരക്ഷാ പരിശോധകള്‍ നടത്തുന്നതിന് 70 പേരടങ്ങുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നുവെന്നും ഈ ഗ്രൂപ്പില്‍ നിന്നുമാണ് ലിങ്ക് ചോര്‍ന്നതെന്നും രജിത് പറഞ്ഞു. ലീക്ക് മനസ്സിലായപ്പോള്‍ തന്നെ അത് ബ്ലോക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ബെവ് ക്യൂ ആപ്പിനുവേണ്ടി കാത്തിരുന്ന് ലിങ്ക് കിട്ടിയപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുത്തവര്‍ നിരാശരാകും. കാരണം, ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുമ്പോള്‍ ഇപ്പോള്‍ ടോക്കണ്‍ ലഭിച്ചവരുടെ വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുമെന്ന് രജിത് പറഞ്ഞു.

ബെവ് ക്യൂ ആപ്പിന്റെ ലോഞ്ച് പ്രഖ്യാപനത്തിനായി എക്‌സ്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഇന്ന് വൈകുന്നേരം 3.30-ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രഖ്യാപനം വന്ന് ഒരു മണിക്കൂര്‍ കൊണ്ട് യഥാര്‍ത്ഥ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധം ലഭ്യമാകുമെന്ന് സിടിഒ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.