പരിയാരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ കുറിച്ചുള്ള ആൽബത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആൽബം നിർമിച്ച പുറച്ചേരി ഗ്രാമീണ സമിതി രംഗത്തെത്തി.

‘ഗ്രാമീണരായ പ്രവർത്തകരുടെ വികാരമാണ് ആൽബം നിർമിക്കാൻ പ്രേരണയായത്. വർഗീയ ശക്തികളെ കരുത്തോടെ എതിരിടുകയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഐആർപിസി രൂപീകരിക്കുകയും ചെയ്തതാണ് ആൽബത്തിൽ പ്രതിപാദിച്ചത്. ഒരു കമ്യൂണിസ്റ്റിന്റെ എളിയ പ്രവർത്തനം ഒരു ഗ്രാമത്തിലെ കലാസമിതി അവതരിപ്പിച്ചതാണ്. അല്ലാതെ മഹത്വവത്കരണമല്ല.’ കലാസമിതി ഭാരവാഹികൾ പറഞ്ഞു.

പുറച്ചേരി വായനശാല കേന്ദ്രീകരിച്ച് ആറു വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്‌മയാണു ഗ്രാമീണ കലാസമിതി. നാടൻപാട്ട്, മുടിയേറ്റ് എന്നിവ കലാസമിതി അവതരിപ്പിക്കാറുണ്ട്.

വ്യക്തിമഹത്വ പ്രചരണവും വ്യക്തിപൂജയുമാണ് ജയരാജന്‍ ചെയ്യുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ജയരാജനെപ്പറ്റി കണ്ണൂരിൽ നൃത്തശിൽപം, ജീവിതരേഖ തുടങ്ങിയവ തയ്യാറാക്കിയത്​ ഉൾപ്പെടെയുള്ള സംഭവങ്ങൾ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി.

കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത ജയരാജന്‍ ശരിവച്ചു. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്നും തന്നെ തിരുത്താന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊളളും. കണ്ണൂരില്‍ മാത്രമായി ഒരു നയം പാര്‍ട്ടിക്കില്ല. എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുളള അവകാശവുമുണ്ട്’, ജയരാജന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ