കേരളത്തെ പിടിച്ചുലയ്ക്കുന്ന നിപ്പ വൈറസ് ബാധയുടെ ആരോഗ്യ മേഖലയിൽ നിന്നുളള ആദ്യ രക്തസാക്ഷിക്ക് ‘ദി ഇക്കണോമിസ്റ്റ്’ ആദരം അര്‍പ്പിച്ചതിന് പിന്നാലെ ലിനിയെ ഓര്‍മ്മിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. ലിനിക്കൊപ്പം ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച റസാന്‍ അല്‍ നജ്ജാറിനേയും ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ മാര്‍ച്ച് 1ന് മരിച്ച സലോം കര്‍വാ എന്ന നഴ്സിനേയും അദ്ദേഹം അനുസ്മരിച്ചു.
ലോക പ്രശസ്ത പ്രസിദ്ധീകരണമായ ‘ദി ഇക്കണോമിസ്റ്റ്.’ കഴിഞ്ഞ ദിവസമാണ് ലിനിയെ ആദരിച്ചത്. ലിനിയുടെ ദാരുണാന്ത്യത്തിന്‍റെ കഥ ലോകത്തോട് പറയുന്ന ഒറ്റ പേജ് ലേഖനത്തോടെയാണ് ഈ ആഴ്‌ചത്തെ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
നിപ്പ ബാധിച്ച് മരിച്ച രോഗിയെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ ദാരുണാന്ത്യത്തെ കുറിച്ചാണ് ‘ഇക്കണോമിസ്റ്റ്’ അവരുടെ ഒബിച്ച്വറി കോളത്തിൽ എഴുതിയിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തിൽ നിന്നുളള ഒരാളെ കുറിച്ച് ‘ഇക്കണോമിസ്റ്റിന്‍റെ’ ആദ്യ ഒബിച്ച്വറിയായിരിക്കും ഇത്.
പേരാമ്പ്രയിൽ ആരോഗ്യവകുപ്പിൽ ദിവസ വേതനത്തിന് ജോലി ചെയ്തുവരികയായിരുന്നു ലിനി. അതിനിടയിലാണ് നിപ്പ വൈറസ് ബാധ ബാധിച്ച രോഗി ആ ആശുപത്രിയിയിൽ എത്തുന്നതും രോഗിയെ തന്റെ കർമ്മമേഖലയിലെ എല്ലാ നൈതികതകളും പാലിച്ച് ലിനി പരിപാലിക്കുകയും ചെയ്തത്. എന്നാൽ കരുണയില്ലാതെ രോഗം ലിനിയെയും ബാധിച്ചു. പിഞ്ചുകുഞ്ഞുങ്ങളിൽ നിന്നുളള തന്റെ വേർപാട് തിരിച്ചറിഞ്ഞ ലിനി ഭർത്താവ് സജീഷിന് എഴുതിയ വികാരനിർഭരമായ കത്ത് മലയാളി സമൂഹത്തിൽ ഏറെ ചലനങ്ങളുളവാക്കിയിരുന്നു. ആ കത്ത് ഉൾപ്പടെയാണ് ‘ഇക്കണോമിസ്റ്റ്’ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിനിയുടെ ഭര്‍ത്താവ് സജീഷ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ലിനിയുടെ മരണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് സജീഷ് നാട്ടിലെത്തി. അഞ്ചുവയസുകാരന്‍ റിഥുലും രണ്ട് വയസുകാരന്‍ സിദ്ധാര്‍ത്ഥുമാണ് മക്കള്‍.
ഇസ്രയേലിന്റെ ആക്രമങ്ങളില്‍ പരുക്കേല്‍ക്കുന്ന പലസ്‌തീനികളെ ശുശ്രൂഷിക്കാന്‍ ഓടിയെത്താറുള്ള റസാന്‍ നജ്ജാര്‍ എന്ന പാരാമെഡിക് വളന്റിയര്‍ വെളളിയാഴ്ച്ചയാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസ് പ്രതിഷേധ ക്യാംപിലെ ആദ്യത്തെ നഴ്സുമാരില്‍ ഒരാളായിരുന്നു റസാന്‍. ഗാസയുടെ യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീകള്‍ക്കും മുഖ്യമായ പങ്കുവഹിക്കാനുണ്ടെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഈ ജോലി റസാന്‍ ഏറ്റെടുത്തത്. മാര്‍ച്ചില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന 119-ാമത്തെയാളാണ് റസാന്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ പരുക്കേറ്റ ഒരു പ്രതിഷേധക്കാരനെ പരിചരിക്കുകയായിരുന്നു റസാന്‍. ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് ബാന്‍ഡേജ് കെട്ടിക്കൊടുക്കുമ്പോഴാണ് റസാന് വെടിയേറ്റത്. വേലിക്ക് അപ്പുറത്തു നിന്നും ഇസ്രയേല്‍ സൈനികന്‍ തൊടുത്തുവിട്ട മൂന്ന് വെടിയുണ്ടകള്‍ റസാന്റെ ദേഹത്ത് തുളച്ചുകയറിയതായി ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ റസാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരുക്കുകളോടെ റസാന്‍ മരണത്തിന് കീഴടങ്ങി.