scorecardresearch
Latest News

ചെങ്ങന്നൂർ: ജനങ്ങളുടെ കോടതിയിൽ മൂന്ന് അഭിഭാഷകർ

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

ചെങ്ങന്നൂർ: ജനങ്ങളുടെ കോടതിയിൽ മൂന്ന് അഭിഭാഷകർ

ചെങ്ങന്നൂരിൽ​ മൂന്ന് അഭിഭാഷക ബിരുദധാരികൾ തങ്ങളുടെ മുന്നണികൾക്കായുളള വാദം ജനങ്ങളുടെ കോടതിക്ക് മുന്നിൽ വച്ചു കഴിഞ്ഞു. ഇനി ജനങ്ങൾ വിധിയെഴുതാൻ ദിവസങ്ങൾ മാത്രം ബാക്കി. ഏത് അഭിഭാഷകന്റെ വാദമാണ് ജയിച്ചതെന്ന് അറിയാൻ മെയ് 31 വരെ കാത്തിരിക്കണം.

മൂന്ന് പേരും തങ്ങളുടെ മുന്നണികൾക്കായുളള വാദം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന വിശ്വാസത്തിലാണ്. തങ്ങളുടെ വാദത്തിന് പിൻബലമായി ദേശീയനേതാക്കൾ മുതൽ തെരുവ് നാടകങ്ങളെ വരെ അവർ സാക്ഷികളാക്കി ജനങ്ങൾക്ക് മുന്നിലേയ്ക്ക് കൊണ്ടുവന്നു. പ്രാദേശിക പ്രശ്നങ്ങൾ മുതൽ പെട്രോൾ വില വർധനയും വർഗീയതയും കസ്റ്റഡി മരണവും എന്നുവേണ്ട അമേരിക്കൻ കൊറിയൻ പ്രശ്നം വരെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു ചെങ്ങന്നൂരിലെ ജനങ്ങളുടെ കോടതിയിൽ.

കേരളത്തിലെ പിണറായി വിജയൻ സർക്കാർ അധികാരമേറ്റെടുത്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ​ രണ്ട് വർഷത്തിനിടയിൽ രണ്ട് ഉപതിരഞ്ഞെടുപ്പുകളാണ് കേരളം കണ്ടത്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം പിടിച്ചെടുത്ത ചെങ്ങന്നൂർ മണ്ഡലം നിലനിർത്താനാണ് എൽഡിഎഫിന്റെ പോരാട്ടം, കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. കഴിഞ്ഞ തവണ വർധിച്ച് കിട്ടിയ വോട്ടിന്റെ പിൻബലത്തിൽ നിയമസഭയിലെ അംഗസഖ്യ രണ്ടാക്കാനുളള പ്രതീക്ഷ സഫലമാക്കാനാണ് എൻഡിഎയുടെ നീക്കങ്ങൾ.

ചെങ്ങന്നൂരിന്റെ രാഷ്ട്രീയ പരിസരത്ത് നിന്ന് മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ തന്നെയാണ്. ത്രികോണ മൽസരത്തിലെ സ്ഥാനാർത്ഥികൾ തമ്മിലുളള സാമ്യങ്ങളും ഏറെയാണ്. മൂന്നുപേരും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. മൂന്നുപേരും അഭിഭാഷക ബിരുദധാരികളാണ്. അതിലുപരി ജനകീയരും. മൂന്നുപേരും ചെങ്ങന്നൂരുകാരാണ് മൂന്ന് സ്ഥാനാർത്ഥികളും എന്നതും മൽസരച്ചൂട് വർധിപ്പിക്കുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐലൂടെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി തലത്തില്‍ എത്തിയ നേതാവാണ്. നിയമ ബിരുദധാരിയായ സജി ചെറിയാന്‍ 1980ലാണ് സിപിഎം അംഗമാകുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം , സിഐടിയു ജില്ലാ പ്രസിഡന്റ്, സ്‌പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ ആക്ടിങ് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ കുടുംബാംഗം പരേതനായ ടി.ടി.ചെറിയാന്റെയും ശോശമ്മയുടെയും മകനാണ് സജിചെറിയാന്‍. ഭാര്യ: ക്രിസ്റ്റീന, മക്കള്‍: ഡോ.നിത്യ, ഡോ.ദൃശ്യ, പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രവ്യ എന്നിവരാണ്. 2006ല്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മൽസരിച്ചെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസിലെ വിഷ്ണുനാഥായിരുന്നു അന്ന് വിജയിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1952 ജൂണ്‍ 14 നു പുലിയൂര്‍ കുളങ്ങരേത്ത് ലക്ഷ്മിഭവനത്തില്‍ റിട്ട.അധ്യാപകന്‍ കെ.എം.ദാമോദരന്‍ പിള്ള-വി.ജെ.സരോജനിയമ്മ ദമ്പതികളുടെ മകനായി ജനനം. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം. കോളേജില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തനം ആരംഭിച്ചു. ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും നേടി. ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡിസിസി സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിര്‍വാഹകസമിതി അംഗം, ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ്, ചെങ്ങന്നൂർ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ: രാധിക. മക്കള്‍: ജ്യോതി വിജയകുമാര്‍, ലക്ഷ്മി വിജയകുമാര്‍. 1986ല്‍ മാവേലിക്കരയിലും 1991 മുതല്‍ ചെങ്ങന്നൂരിലേയും കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഇടം പിടിച്ചുവെങ്കിലും അവസാന സമയം സീറ്റ് നഷ്ടപ്പെടുകയായിരുന്നു. നിയമസഭയിലേയ്ക്കുളള​ ആദ്യ പോരാട്ടമാണ് ഇത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിളള ആര്‍എസ്എസ് ശാഖയിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി. കോഴിക്കോട് ലോ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍. 12 വര്‍ഷം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ജനസംഘത്തിന്റെ യുവ വിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനര്‍, എബിവിപി, യുവമോര്‍ച്ച എന്നീ സംഘടനകളുടെ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003-2004 കാലഘട്ടത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്, നിലവില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ പി.എസ്.ശ്രീധരന്‍ പിളള. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിൽ നിന്നും മൽസരിച്ചിരുന്നു. വിജയിക്കാനായില്ലെങ്കിലും 2011ലെ തിരഞ്ഞെടുപ്പില്‍ 6062 വോട്ട് എന്ന നിലയില്‍ നിന്നും 2016ല്‍ ശ്രീധരന്‍പിള്ളയ്ക്ക് 42682 വോട്ട് നേടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Which lawyer would win in chengannur byelection saji cherian d vijayakumar ps sreedharan pillai