Latest News

Kerala Floods: 1924ലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിന് മഹാത്മാഗാന്ധി നല്‍കിയ തുക

ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് കേരളം രൂപം കൊളളുന്നതിന് മുമ്പ് 1924ൽ ഇന്നത്തെ കേരളത്തിന്റെ ഭാഗമായ അന്നത്തെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമുണ്ടായ വെളളപ്പൊക്ക ദുരിതാശ്വാസത്തെ മഹാത്മാഗാന്ധി സഹായിച്ചത് ഇങ്ങനെയൊക്കെയാണ്

When Mahatma Gandhi mobilised Rs 6,000 for flood relief in Kerala
When Mahatma Gandhi mobilised Rs 6,000 for flood relief in Kerala

തിരുവനന്തപുരം: ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്, 1924 ൽ കേരളം രൂപീകരിക്കുന്നതിന് മുമ്പുണ്ടായ വെളളപ്പൊക്കകാലത്ത് അതിനെ അതിജീവിക്കാൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സംഭാവന ചെയ്തത് ആറായിരം രൂപ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് ഇന്നത്തെ കേരളത്തിന് അന്നത്തെ തിരുവിതാം കൂർ, കൊച്ചി, മലബാറിന് ഈ തുക പിരിച്ചെടുത്ത് നൽകിയതെന്ന് അക്കാലത്തെ രേഖകൾ ഉദ്ധരിച്ച് ചരിത്ര വെബ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

dutchinkerala.com എന്ന ബഹുഭാഷ ചരിത്ര വെബ് സൈറ്റാണ് 1924 ലെ മഹാത്മഗാന്ധിയുടെ കേരളത്തിനായുളള സംഭാവനയുടെ ചരിത്രം പുറത്തു കൊണ്ടു വന്നത്. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്ന സാഹചര്യത്തിലാണ് സൈറ്റിലെ ഈ​ ചരിത്ര കഥ സജീവമായ ചർച്ചയ്ക്ക് വിഷയമാകുന്നത്.  വെബ് സൈറ്റിൽ വന്ന രേഖയുടെ അടിസ്ഥാനത്തിലാണ് പി ടി ഐ യുടെ റിപ്പോർട്ട്.

ഇപ്പോഴത്തെ പ്രളയം മുന്നൂറിലേറെ ജീവനപഹരിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ പേർക്ക് കിടപ്പാടം പോലും നഷ്ടമായി. 1924 ജൂലൈയിൽ നടന്ന ’99ലെ വെളളപ്പൊക്ക’മെന്ന് അറിയപ്പെടുന്ന വെളളപ്പൊക്കത്തിലും നിരവധി പേർക്ക് ജീവഹാനി ഉണ്ടായി. ഇതിന്റെ ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഇന്നത്തേക്കാൾ​ ജീവഹാനി ഉണ്ടായതായും വാദമുണ്ട്. വൻതോതിൽ നാശനഷ്ടം അന്നത്തെ കാലത്തും പ്രളയം വിതച്ചു.

മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളായ ‘യങ് ഇന്ത്യ’, ‘നവജീവൻ’ എന്നിവയിൽ തുടർച്ചയായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ട് രാജ്യത്തെ ജനങ്ങളോട് വെളളപ്പൊക്കബാധിതമായ മലബാറിന്റെ ദുരിതാശ്വാസത്തിന് ഉദാരമായി സംഭാവന നൽകാൻ അഭ്യർത്ഥിച്ചു.

അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് വിവിധ ജീവിതത്തുറകളിലുളളവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർ സ്വർണാഭരണങ്ങൾ ഉൾപ്പടെ വെളളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്കായി സംഭാവന ചെയ്തു.

രാഷ്ട്രപിതാവ് ‘നവജീവനി’ൽ എഴുതിയ ഒരു ലേഖനത്തിൽ​ ഒരു പെൺകുട്ടി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മൂന്ന് പൈസ മോഷ്ടിച്ച് നൽകിയതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

നിരവധി പേർ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചും പാൽ ഉപേക്ഷിച്ചും പണം ദുരിതാശ്വാസത്തിനായി സംഭാവന നൽകിയെന്ന് അദ്ദേഹം എഴുതിയ ലേഖനങ്ങൾ സാക്ഷ്യം പറയുന്നു.

“മലബാറിന്റെ ദുരന്തം ഭാവാനതീതാമാണ്” എന്നാണ് ‘റിലീഫ് വർക്ക് ഇൻ മലബാർ’ എന്ന ലേഖനത്തിൽ മഹാത്മഗാന്ധി എഴുതിയത്. താൻ  പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രതികരണമാണ് ലഭിച്ചതെന്ന കാര്യം ‘തുറന്നുപറയുക’യാണെന്ന് അദ്ദേഹം എഴുതി.

ജനഹൃദയങ്ങളിൽ ഇപ്പോഴും സഹാനുഭൂതി നിലനിൽക്കുന്നുണ്ട്. ദൈവകൃപയാൽ ഇത് ഒരു തവണയല്ല, നിരവധി തവണ തെളിയിക്കപ്പെട്ടു. നിരവധി ദുരിതാശ്വാസ ഫണ്ടുകളോട് ജനങ്ങൾ അവർക്ക് സാധ്യമായ വിധത്തിൽ സഹകരിക്കുന്നുണ്ട്.

Gandhiji on 1924 flood
1924 ലെ ’99 ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് കേരളത്തെ സഹായിക്കാൻ ആവശ്യപ്പെട്ട് മഹാത്മാഗാനധി എഴുതിയ ലേഖനങ്ങളുടെ സംഗ്രഹീത പരിഭാഷ :കടപ്പാട് ഡച്ച് ഇൻ​കേരള. കോം

മൂന്നാഴ്ച തുടർച്ചയായി നീണ്ടു നിന്ന 1924 ജൂലൈയിലെ വെളളപ്പൊക്കം ഇന്നത്തെ കേരളത്തിന്റെ നിരവധി ഭാഗങ്ങളെ വെളളത്തിലാഴ്ത്തി. മൂന്നാർ, തൃശൂർ, കോഴിക്കോട്, എറണാകുളം, ആലുവ, മൂവാറ്റുപുഴ, കുമരകം, ചെങ്ങന്നൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളാണ് അന്ന് വെളളപ്പൊക്കത്തിലാഴ്ന്നത്.

മലയാളം വർഷം പരിഗണിക്കുമ്പോള്‍ കൊല്ലവർഷം 1099ലാണ് ഇംഗ്ലീഷ് വർഷ ക്രമത്തിലെ 1924 വരുന്നത്. അതിനാൽ മലയാളക്കരയിൽ ഇത് പൊതുവിൽ ’99ലെ വെളളപ്പൊക്കം അഥവാ ’99 ലെ മഹാപ്രളയം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

അന്ന് കേരളമെന്നത് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് രാജ ഭരണ രാജ്യങ്ങളായിരുന്നു. അക്കാലത്ത് മൂന്നിടത്തും അധികം മഴ ലഭിക്കുകയും ചെയ്തു.

അന്നും ഇന്നത്തെ പോലെ മുല്ലപ്പെരിയാർ ഡാം തുറന്നതിനെ തുടർന്നാണ് പെരിയാറിൽ വെളളപ്പൊക്കമുണ്ടായതെന്നാണ് പറയപ്പെടുന്നത്.

കെ അയ്യപ്പൻ പിളള എന്ന സ്വാതന്ത്ര്യ സമര സേനാനിക്ക് ’99 ലെ മഹാപ്രളയ’ത്തെ കുറിച്ച് ഓർമ്മകളുണ്ട്.  സ്കൂൾ​വിദ്യാർത്ഥിയിയാരുന്ന തനിക്ക് അക്കാലത്ത് കനത്ത മഴയും അതുണ്ടാക്കിയ നാശ നഷ്ടങ്ങളും ഓർമ്മയിലുണ്ടെന്ന് 104 വയസ്സുകാരനായ കെ അയ്യപ്പൻ പിളള പറഞ്ഞത് പി ടി ഐ​ റിപ്പോർട്ട് ചെയ്യുന്നു. അന്ന് നിർത്താതെ പെയ്ത മഴയിൽ സാധാരണ ജനജീവിതം താറുമാറായി, വെളളപ്പൊക്കം വൻ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

“റോഡുകൾ​ പുഴകളായി, ജലാശയങ്ങൾ കരകവിഞ്ഞൊഴുകി, നെൽപ്പാടങ്ങൾ ജലപ്രളയത്തിൽ മുങ്ങി, ജനങ്ങൾ വിവിധ പ്രദേശങ്ങളിലെ കുന്നിൻമുകളിൽ അഭയം തേടി” അന്നത്തെ പത്ത് വയസ്സുകാരൻ ഓർമ്മകളുടെ പ്രളയത്തിലേയ്ക്ക് ഒഴുകിയിറങ്ങി.

ഇവിടുത്തെ കോൺഗ്രസ് നേതാക്കളിൽ നിന്നും പ്രളയത്തെ കുറിച്ച് അറിഞ്ഞ മഹാത്മാഗാന്ധി 1924 ജൂലൈ 30 ന് ടെലഗ്രാം അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ​ സർക്കാരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ ടെലഗ്രാം. അതിന് പുറമെ അവരുടേതായ രീതിയിൽ പ്രളയ ബാധിതരായ ജനങ്ങളെ സഹായിക്കണെന്നും ഗാന്ധിജി ടെലഗ്രാമിൽ ആവശ്യപ്പെട്ടു.

പ്രളയബാധിതർക്കായി പണവും തുണിത്തരങ്ങളും ശേഖരിക്കുന്നതായി മറ്റൊരു ടെലഗ്രാമിൽ മഹാത്മ വ്യക്താക്കി. ഭക്ഷണം ലഭിക്കാത്ത, തുണിയും അഭയസ്ഥാനവും ഇല്ലാതായ ജനങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവനും.

ഒരു സഹോദരി സ്വർണ്ണനിർമ്മിതമായ നാല് ബ്രേസ് ലെറ്റുകൾ, മറ്റൊരു സഹോദരി വലിയൊരു നെക്ലൈസ് എന്നിവ നല്‍കി. സ്വർണത്തിലുളള ചെറിയൊരാഭരണാമാണ് ഒരു കുഞ്ഞ് നൽകിയത്. മറ്റൊരു സഹോദരി വെളളിക്കൊലുസുകളാണ് സംഭാവന ചെയ്തതെന്നും അദ്ദേഹം 1924 ഓഗസ്റ്റ് 17 ലെ ‘നവജീവനി’ൽ എഴുതുന്നു.

ഒരാൾ കാൽമോതിരം സംഭാവന ചെയ്തു. മറ്റൊരു പെൺകുട്ടി കാലിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ സ്വയമേവ ഊരി തന്നു. ഒരു യുവാവ് അയാളുടെ സ്വർണ കഫ്‌ലിങ്കുകളാണ് നൽകിയത്. മൊത്തം 6,994 രൂപ13 അണയും മൂന്ന് പൈസയും പണമായും ആ തീയതി വരെ ലഭിച്ചതായി ഗാന്ധിജി എഴുതുന്നു.

കേരളത്തിലെ ഇത്തവണത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട സഹായ വാഗ്‌ദാനങ്ങളും കേന്ദ്രസർക്കാരിന്റെയും അവരെ പിന്തുണയ്ക്കുന്ന സംഘപരിവാർ സംഘടനകളുടെയും നിലപാടും വിവാദങ്ങളിൽ മുങ്ങി നിൽക്കുമ്പോഴാണ് രാഷ്ട്രപിതാവിന്റെ ഈ നടപടിയെ കുറിച്ചുളള ചരിത്രം പുറത്തു വരുന്നത്.

ഇതേ സമയം, കുഞ്ഞുങ്ങൾ മുതൽ കോർപ്പറേറ്റ് ഭീമന്മാർ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി രംഗത്തെത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: When mahatma gandhi mobilised rs 6000 for flood relief in kerala

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com