കൊച്ചി: വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തൊടുപുഴയിലെ വീട്ടമ്മയുടേത് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രചരിച്ച ദൃശ്യങ്ങള്‍ തന്റേത് അല്ലെന്ന് ശോഭ സജു എന്ന വീട്ടമ്മ തെളിയിച്ചത്. ദൃശ്യത്തിനൊപ്പം ഇവരുടെ പേര് അടിക്കുറിപ്പായി നല്‍കിയാണ് രണ്ട് വര്‍ഷം മുമ്പ് വാട്ട്സ്ആപ്പിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്.

ഭര്‍ത്താവും ഇവരുടെ സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത് ഇതിന് പിന്നാലെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. ശോഭ തന്നെയാണ് മനപ്പൂര്‍വ്വം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. വീഡിയോ തന്റേത് അല്ലാത്തത് കൊണ്ട് തന്നെ ശോഭ അന്ന് മനോരമ ന്യൂസില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ഭാഗം വിശദീകരിച്ചു. തന്റെ മക്കള്‍ക്ക് വേണ്ടി താന്‍ പോരാടുമെന്നും മുഖം മറച്ച് സംപ്രേഷണം ചെയ്യേണ്ട കാര്യമില്ലെന്നും ശോഭ അന്ന് പ്രഖ്യാപിച്ചു.

തുടര്‍ന്നാണ് സൈബര്‍ സെല്ലിന് ശോഭ പരാതി നല്‍കിയത്. ഫോറന്‍സിക് പരിശോധനകളില്‍ ദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചതായി മനോരമ ന്യൂസ് തന്നെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് സിഡാക്കിന്റെ സഹായം തേടിയത്.

തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പായിരുന്നു. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ശോഭയ്ക്ക് മക്കളെ പോലും കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനിടെ സിഡാക് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ മറ്റൊരു യുവതിയുടേതാണെന്ന് തെളിഞ്ഞത്. എന്നാല്‍ ആരാണ് ശോഭയുടെ പേരില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. തന്റെ മൂന്ന് മക്കള്‍ക്ക് വേണ്ടിയായിരുന്നു പോരാട്ടമെന്ന് ശോഭ പറഞ്ഞു. ‘തന്റെ പേരില്‍ മക്കള്‍ സമൂഹത്തില്‍ അപമാനത്തിന് ഇരയാവാതിരിക്കാനാണ് സത്യം പുറത്തു കൊണ്ടു വരാന്‍ പോരാടിയത്. അവരുടെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്,’ ശോഭ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.