scorecardresearch

പനിച്ചൂടിൽ വിറച്ച് കേരളം, പനി കേസുകളും മരണവും കൂടുന്നത് അപൂർവ്വമാണോ?

കേരളം കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ തരം പനികളുടെ പിടിയിലാണ്. പൊതുജനാരോഗ്യത്തിന് പ്രാധാന്യം കുറയുന്നു എന്നത് കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു

കേരളം കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ തരം പനികളുടെ പിടിയിലാണ്. പൊതുജനാരോഗ്യത്തിന് പ്രാധാന്യം കുറയുന്നു എന്നത് കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു

author-image
Seena Sathya
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fever | Fever Cases | Health

പനി കേസുകൾ കൂടുന്നു

കേരളം പനിച്ച് വിറയ്ക്കുകയാണ്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ തീവ്രമായ വർദ്ധനവാണ് കാണുന്നത്. പനി ബാധിച്ച് മരിക്കുന്നവരുടെയും എണ്ണവും കൂടുന്നതായിട്ടാണ് അനൗദ്യോഗിക കണക്കുകൾ വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രതിദിനം പന്ത്രണ്ടായിരത്തിലധികം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ജൂണിൽ മാത്രം രണ്ടര ലക്ഷത്തിലധികം പേർക്ക് പനി ബാധിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരികാത്ത കണക്കുകൾ.

Advertisment

കേരളം കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ തരം പനികളുടെ പിടിയിലാണ്. 2000ത്തിലെ ആദ്യദശകത്തിലെ രണ്ടാം പകുതി മുതലാണ് കേരളത്തിൽ ഇത്തരം പനികൾ വ്യാപകമായി കണ്ട് തുടങ്ങിയത്. അന്ന് നേരിട്ടതിനേക്കാൾ വലിയ പ്രതിസന്ധിയിലേക്കാണ് കേരളം ഇപ്പോൾ കടന്നുപോകുന്നതെന്നാണ് ലഭ്യമായ കണക്കുകൾ നൽകുന്ന അടയാളം.

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾക്കിടെ വിവിധതരം പനികൾ കേരളത്തിൽ പടർന്നു പിടിക്കുകയാണ്. ഒരു ദശകത്തിലേറെയായി കേരളത്തിൽ നിരന്തരമായി പനി മരണങ്ങൾക്ക് കാരണമാകുന്നത്, ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയാണ്. ഇതിനിടിൽ കോവിഡിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ നിപ കോഴിക്കോടും കൊച്ചിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യ നിപബാധയിൽ മരണങ്ങളും സംഭവിച്ചു.എന്നാൽ പിന്നീട് ഇതുവരെ നിപ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും വർഷം മുമ്പ് കേരളത്തിൽ വ്യാപകമായി പടർന്ന് പിടിക്കുകയും ഒട്ടേറെപേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത ചിക്കുൻഗുനിയയും കുറച്ച് നാളുകളായി അക്കാലത്തെ പോലെ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന ആശ്വാസവും കേരളത്തിനുണ്ട്. അതേസമയം ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നീ പനികൾ എല്ലാവർഷവും കേരളത്തിൽ ആശങ്കജനിപ്പിക്കുന്നവിധം പടരുന്നുണ്ട്.

ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവുമധികം പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലും സ്ഥിതി രൂക്ഷമെന്നാണ് ലഭ്യമായ കണക്കുകൾ കാണിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ കൂടി പുറത്തുവന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.

Advertisment

പനി ബാധിതരുടെ കണക്കുകൾ 2021വരെയുള്ള കണക്കുകളാണ് സർക്കാർ ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2022 മുതൽ ഈ വർഷം ഇതുവരെ പനി സംബന്ധിച്ച ഡേറ്റ പുതുക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

2022

ഡെങ്കിപ്പനി- 1387 കേസുകൾ, മരണം 18
എലിപ്പനി- 817 കേസുകൾ, മരണം 30
എച്ച് 1എൻ 1- 12 കേസ്, മരണം 2

2021

ഡെങ്കിപ്പനി- 3251 കേസുകൾ, മരണം 27
എലിപ്പനി- 1745 കേസുകൾ, മരണം 97
എച്ച് 1എൻ 1- 1 കേസ്

2020

ഡെങ്കിപ്പനി- 2722 കേസുകൾ, മരണം 22
എലിപ്പനി- 1039 കേസുകൾ, മരണം 48
എച്ച് 1എൻ 1- 58 കേസ്, മരണം 2

2019

ഡെങ്കിപ്പനി- 4651 കേസുകൾ, മരണം 14
എലിപ്പനി- 1211 കേസുകൾ, മരണം 57
എച്ച് 1എൻ 1- 853 കേസ്, മരണം 45

2018

ഡെങ്കിപ്പനി- 4090 കേസുകൾ, മരണം 32
എലിപ്പനി- 2079 കേസുകൾ, മരണം 99
എച്ച് 1എൻ 1- 823 കേസ്, മരണം 50

കേരളത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നതെങ്കിലും ഇത് തള്ളിക്കളയുകയാണ് ആരോഗ്യ വകുപ്പ്. കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന പറയുന്നത്. ''2017 ലെ പനി കേസുകൾ ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആ വർഷത്തിലെ പോലെ പ്രശ്നങ്ങൾ ഇത്തവണയില്ല. രണ്ടാഴ്ചയും കൂടി മാത്രമേ ഈ സ്ഥിതി തുടരുകയുള്ളൂ. എച്ച് 1 വൺ 1 കേസുകളും കൂടുന്നുണ്ട്. പനി മരണങ്ങൾ 2021, 2022 വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. 2017 ൽ ഒരു ദിവസം 10-12 മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത്തരത്തിലുള്ള സ്ഥിതി ഒന്നും തന്നെയില്ല. പനി ബാധിച്ചാൽ സ്വയം ചികിത്സ തേടാതെ ഡോക്ടറുടെ സേവനം തേടുകയാണ് ചെയ്യേണ്ടത്,'' ഡയറക്ടർ പറഞ്ഞു.

പനി കേസുകൾ ഉയരുന്നതായും എച്ച് 1 എൻ 1 കേസുകളും കൂടുന്നതായും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പകർച്ചവ്യാധി ഡിപ്പാർട്ട്മെന്റിലെ കൺസൾട്ടന്റ് ഡോ.മുഹമ്മദ് നിയാസ് പറഞ്ഞു. ''മഴക്കാലത്ത് സാധാരണ യായി ഉണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി കേസുകളും കൂടുതലായി കാണുന്നു ണ്ട്. പനി വരുമ്പോൾ തന്നെ ചികിത്സ തേടുകയെന്നതാണ് പ്രധാനം. സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണുക. വാക്സിൻ എടുക്കുന്നതിലൂടെ എച്ച് 1 എൻ 1 തടയാവുന്നതാണ്. കേരളത്തിൽ പൊതുവെ ഇൻഫ്ലുവൻസ വാക്സിനെക്കുറിച്ചുള്ള അവബോധം കുറവാണ്. പ്രായമായവർ, കിഡ്നി സംബന്ധമായ അസുഖമുള്ളവർ, ഹൃദയസംബന്ധമായ തരാറുള്ളവർ, പ്രമേഹമുള്ളവർ, ഗർഭിണികൾ ഇവർക്ക് ഇൻഫ്ലുവൻസ വന്നാൽ ആരോഗ്യ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇവർ ഉറപ്പായും വാക്സിൻ എടുക്കുക. മാസ്ക് ഉപയോഗത്തിലൂടെ ഒരു പരിധിവരെ ഇൻഫ്ലുവൻസ പകരുന്നത് തടയാനാകും. ചുമയ്ക്കുന്ന സമയത്ത് തൂവാല ഉപയോഗിക്കുന്നതും മുഖം പൊത്തിപ്പിടിക്കുന്നതും രോഗം പകരുന്നത് കുറയ്ക്കാനാകും,'' അദ്ദേഹം പറഞ്ഞു.

വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി, എച്ച് 1 എൻ 1 എന്നിവയാണ് കേരളത്തിൽ വ്യാപിക്കുന്നത്. ഇവയുടെ രോഗലക്ഷണങ്ങളും പകരുന്ന രീതിയും മനസിലാക്കുന്നത് എത്രയും വേഗം ചികിത്സ തേടാൻ സഹായിക്കും.

വൈറൽ പനി

വൈറൽ പനി വായുവിലൂടെയാണ് പകരുന്നത്. തൊണ്ടവേദന, തുമ്മൽ, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഡെങ്കിപ്പനി

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ മൂന്നു മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പെട്ടെന്നുള്ള പനി, കടുത്ത തലവേദന, ശരീര വേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വയറുവേദന, തുടർച്ചയായ ഛർദി, കറുത്ത മലം, ശരീരം ചുവന്നു തടിക്കൽ രക്തസ്രാവം, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അപകട സൂചനകളാണ്. ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

എലിപ്പനി

'ലെപ്റ്റോസ് സ്പൈറോസിസ്' എന്ന ബാക്ടീരിയ ആണ് എലിപ്പനിക്ക് കാരണം. എലി, പട്ടി, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രം വഴി രോഗം പകരാവുന്നതാണ്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ ചെറിയ മുറിവുകൾ വഴി ശരീരത്തിൽ എത്തി രോഗമുണ്ടാക്കുന്നു. പനി, തലവേദന, പേശീവേദന, കണ്ണിനു ചുറ്റും ചുവപ്പ്, മൂത്രത്തിന്റെ നിറം മാറുക തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.

എച്ച് 1 എൻ 1

ഇൻഫ്ലുവൻസ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണിത്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, ക്ഷീണം തുടങ്ങി സാധാരണ പകർച്ചപ്പനി യുടെ ലക്ഷണങ്ങളാണ് എച്ച് വൺ എൻ വൺ പിടിപ്പെടുന്നവർക്ക് അനുഭവ പ്പെടുക. രോഗബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക്‌ വൈറസ് വ്യാപിക്കും. ഇത് പിന്നീട് ശ്വസിക്കുന്നതിലൂടെ രോഗം പകരുന്നു.

പനിയുടെ സ്വന്തം നാടായി കേരളം മാറുന്നത് എങ്ങനെ?

കേരളത്തിനെ ഈ വർഷവും കൂടുതലായി ബാധിച്ചത് ഡെങ്കിയും എലിപ്പനിയുമാണ്. ഈ രണ്ട് പനികളുടെയും വ്യാപനത്തിന് പ്രധാനകാരണ ങ്ങളിലൊന്ന് പരിസര ശുചിത്വമില്ലായ്മയാണ് എന്നാണ് പൊതുജനാരോഗ്യ രംഗത്ത് ഇടപെടുന്നവർ നിരീക്ഷിക്കുന്നത്. മാലിന്യ നിർമ്മാർജ്ജനത്തിലെ പിഴവുകളും പരിമിതികളും ഇതിനൊരു കാരണമാണ്. വെള്ളം കെട്ടികിടക്കുന്നതിൽ പെരുകുന്ന കൊതുക്, പനി പടർത്തുന്നതിന് വഴിയൊരുക്കുന്നു. സുഗമമായ സ്വീവേജ്, ഡ്രെയിനേജ് സംവിധാനങ്ങളില്ലായ്മ ഈ പനികളുടെ വ്യാപനത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും പരിസരങ്ങളെ മലിനമാക്കുന്നു. ഇത് കൊതുകളുടെ വളർച്ചയ്ക്കും വ്യാപനത്തിനും വഴിയൊരുക്കുന്നു. മാലിന്യ നിർമ്മാർജ്ജനം, ശുദ്ധമായ കുടിവെള്ള ലഭ്യത, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതി വിശേഷം തുടങ്ങി വിവിധ പ്രശ്നങ്ങൾ കൂടി പരിഹരിച്ചുകൊണ്ട് മാത്രമേ കേരളത്തിലെ പനി വ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

പൊതുജനാരോഗ്യത്തിന് പ്രാധാന്യം കുറയുന്നു എന്നത് കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനു പിന്നിലെ ഒരു കാരണമായി അതിനെ കണക്കാക്കാവുന്നതാണെന്ന് പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ജി.ആർ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. രോഗം വരുന്നത് തടയുന്നതിനെയാണ് പൊതുജനാരോഗ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശുദ്ധജലം ഉറപ്പുവരുത്തുക, പരിസര ശുചീകരണം, മാലിന്യ സംസ്കരണം തുടങ്ങിയവയിലൂടെ രോഗങ്ങൾ വരുന്നത് തടയാനാകും. മുൻപൊക്കെ ഇത്തരം കാര്യങ്ങൾ നോക്കിയിരുന്നത് പ്രാഥമികാരോഗ്യ കേന്ദ്ര (പി എച്ച് സി- പ്രൈമറി ഹെൽത്ത് സെന്റർ)ങ്ങളാണ്. ഇപ്പോൾ ഇവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. രോഗികളെ ചികിത്സിക്കുന്നതിനാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശ്രദ്ധയൂന്നുന്നത്. അങ്ങനെ വന്നതോടെ പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യം കുറഞ്ഞതായി അദ്ദേഹം പറയുന്നു..

മാലിന്യ സംസ്കരണം വലിയ പ്രശ്നമാണ്. പലയിടത്തും മാലിന്യ സംസ്കരണം നടക്കുന്നില്ല. ഇങ്ങനെ കുന്നുകൂടുന്ന മാലിന്യങ്ങൾ കഴിക്കാൻ വേണ്ടി എലികളടക്കമുള്ള ചെറു ജീവികൾ വരും. അവ രോഗവാഹകരായി മാറുന്നു. ഡെങ്കിപ്പനിയോ എലപ്പനിയോ മൂലമുള്ള മരണം തടയാൻ രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. അതിനു പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം. പൊതുജനാരോഗ്യം ശക്തിപ്പെടുത്താതെ ഡെങ്കിപ്പനി, എലിപ്പനി കേസുകളുടെ എണ്ണം കുറയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Dengue Fever Health Fever

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: