തിരുവനന്തപുരം: ദേശീയ തലത്തിലെ കലുഷിതമായ അന്തരീക്ഷത്തെ മറികടക്കാന്‍ മതനിരപേക്ഷത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയാണ് കേരളത്തിന് വേറിട്ട് നില്‍ക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദ് ഇന്ത്യന്‍ എക്സ്‌പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ഗീയതയ്ക്കെതിരെ എല്ലാകാലത്തും ഉറച്ച നിലപാട് കേരളം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ഘടകം ഇടതുപക്ഷത്തിന്റെ കരുത്ത് കൂടിയാണ്. എന്നാല്‍ രാജ്യത്തെ മുഴുവനായി എടുക്കുമ്പോള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശക്തമായ നിര ഉയര്‍ന്നുവരണം. ഞങ്ങള്‍ മതനിരപേക്ഷമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അതിന്റെ ഉരക്കല്ല് വര്‍ഗീയതയ്ക്ക് എതിരെ സ്വീകരിക്കുന്ന സമീപനമാകണം. വര്‍ഗീയതയോട് വിട്ടുവീഴ്ച്ച ഇല്ലാത്ത നിലപാട് കേരളത്തിന് സ്വീകരിക്കാന്‍ സാധിക്കുന്നുണ്ട്”, മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ കൂപ്പുകുത്തിയ സാഹചര്യത്തില്‍ മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായി യശ്വന്ത് സിന്‍ഹ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ രംഗത്ത് വന്നതും എഡിറ്റര്‍മാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. “രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. അതേസമയം ഈ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്ന സമീപനം മാത്രമാണ് കേന്ദ്രം കൈക്കൊണ്ടത്. പിന്നാലെ ജിഎസ്ടി നടപ്പിലാക്കി. തയ്യാറെടുപ്പുകളൊന്നും പൂര്‍ണ്ണമാക്കാതെയാണ് ജിഎസ്ടി നടപ്പിലാക്കിയത്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു എന്ന പ്രശ്നം ജിഎസ്ടിക്കുണ്ട്. കൂടാതെ ഇത് വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലാതെ നടപ്പാക്കിയപ്പോൾ എല്ലാ മേഖലയിലും സര്‍വ്വത്ര കുഴപ്പമുണ്ടാക്കി ഇത് രാജ്യത്താകമാനം പ്രതിസന്ധിക്ക് കാരണമായി. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അകത്ത് തന്നെ വിയോജിപ്പ് ഉണ്ടാക്കിയത്. ഇനിയും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയാണ് പലരും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നത്. ജനങ്ങള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ട് തന്നെയാണ് ഈ പരിഷ്കാരങ്ങള്‍ സൃഷ്ടിച്ചത്”, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തുടക്കത്തില്‍ ജിഎസ്ടി കൊണ്ട് ഗുണമാണ് ലഭിക്കുക എന്ന കാഴ്ച്ചപ്പാടാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. “സംസ്ഥാനത്തിന്റെ അധികാരം കവരുമെന്ന നിലപാട് കേരളം നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ഒരു കണ്‍സ്യൂമര്‍ സംസ്ഥാനം ആയത് കൊണ്ട് ഇത് സംസ്ഥാനത്തിന് ഗുണം ഉണ്ടാക്കുമെന്നാണ് കരുതിയത്. എന്നാല്‍ സംസ്ഥാനത്തിനും പ്രതീക്ഷിച്ച ഗുണം ഉണ്ടായിട്ടില്ല. അതേസമയം ജനങ്ങള്‍ക്ക് ഇത് ആകെ ഉപദ്രവമാണ് ഉണ്ടാക്കിയത്. ജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകുമ്പോള്‍ അത് സര്‍ക്കാരിന് എങ്ങനെ ഗുണകരമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജിഎസ്ടി കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കേന്ദ്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ സംസ്ഥാനങ്ങളുടേയും അഭിപ്രായം ക്രോഡീകരിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരുടേയും ധനമന്ത്രിമാരുടേയും അടിയന്തര യോഗം വിളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെ ഒരു യോഗം പ്രധാനമന്ത്രി വിളിച്ചില്ല. അതേസമയം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം അദ്ദേഹം വിളിച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടവും ബാദ്ധ്യതയും ഉണ്ടാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നടപടി എടുക്കുകയാണ് വേണ്ടത്”, പിണറായി വ്യക്തമാക്കി.
നാഷണൽ എഡിറ്റര്‍ ഹരീഷ് ദാമോദരന്‍, ബോംബെ റെസിഡന്റ് എഡിറ്റര്‍ ഷാജി വിക്രമന്‍,ഫിനാന്‍ഷ്യല്‍ എക്സ്‌പ്രസ്സ് അസിസ്റ്റന്റ് എഡിറ്റര്‍ സരിത വര്‍മ്മ, ഇന്ത്യൻ എക്സ്‌പ്രസ്സ് എഡിറ്റര്‍ ഇന്‍ ന്യൂ മീഡിയ നന്ദഗോപാല്‍ രാജന്‍, ഐഇ മലയാളം ഡോട്ട് കോം എഡിറ്റർ സഞ്ജയ് മോഹൻ, ഷാജു ഫിലിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ ഇന്ത്യന്‍ എക്സ്‌പ്രസ്സ്,കേരളാ , രാജേഷ് രവി, സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഫിനാന്‍ഷ്യല്‍ എക്സ്‌പ്രസ്സ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ദി ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിന്റെ മലയാളം വാർത്താ വെബ്സൈറ്റായ ഐഇ മലയാളത്തിന്റെ മൊബൈൽ ആപ്ലിക്കേഷനും കേരളം 60 എന്ന ദൃശ്യ പരമ്പരയും പുറത്തിറക്കിയ ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യകതമാക്കിയത്. തിരുവനന്തപുരത്ത് താജ് വിവാന്റ ഹോട്ടലിലാണ് പരിപാടി നടന്നത്.