സർഗാത്മ സംഭാവനകളുടെയും വിവാദങ്ങളുടെയും കലവറയാണ് കോഴിക്കോട് കലക്‌ടറേറ്റ്. പ്രതിഭകളായ പലരും ഇവിടെയിരുന്ന് ജില്ല ഭരിച്ചിട്ടുണ്ട്. ജില്ലയെ പ്രത്യേകിച്ച് നഗരത്തിന്റെ മോടിപിടിപ്പിക്കലും വികസനവുമെല്ലാം ഇവരുടെ കാലത്ത് ചർച്ചകളായി നിറഞ്ഞു നിന്നിരുന്നു. എഴുത്തും പാട്ടും വരയുമൊക്കെയായി ‘ബഹുമുഖ’ കലക്‌ടർമാർ. സാഹിത്യവും സംഗീതവും നവീന ആശയങ്ങളുമെല്ലാം ഇവിടെയെത്തുന്ന കലക്‌ടർമാരെ തേടിയെത്തും. ചിലർ അതെല്ലാം വിനിയോഗിക്കും മറ്റ് ചിലരുടെ കാലത്ത് അവ ഫലയിലിൽ ഉറങ്ങും. ചിലർ മുടങ്ങി കിടന്നതോ ശ്രദ്ധിക്കപ്പെടാതിരുന്നതോ ആയ പരിപാടികളെ പുതിയ കുപ്പിയിലാക്കി ജനകീയമാക്കും. ചിലർ അവരുടെ ഭാവന കൊണ്ട് കോഴിക്കോടിന്റെ മനസ്സിന്റെ മാനാഞ്ചിറയിൽ കസേരിയിട്ട് എക്കാലവും ഇരിക്കും. ഇതിനിടയിലും എന്തിനും രണ്ടുപക്ഷമുണ്ടെന്ന പോലെ കലക്‌ടർമാരുടെ പ്രവർത്തനത്തെ കുറിച്ചും രണ്ടഭിപ്രായം ഇവിടെയും ഉണ്ട്.

ആരവങ്ങളൊന്നുമില്ലാതെ ചില കലക്‌ടർമാർ വന്നുപോകുന്നതിനിടെയാണ് കോഴിക്കോട് 2015 ഫെബ്രുവരിയിൽ എൻ പ്രശാന്ത് കലക‌്‌ടറായി ചുമതലേയൽക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ കലക്‌ടർ കോഴിക്കോട് വന്നതോടെ കാര്യങ്ങൾ മാറി. ഇടക്കാലയളവിലുണ്ടായിരുന്ന ശൂന്യത നീങ്ങി. സാമൂഹിക മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും പരിപാടികൾ കൊണ്ട് നിറഞ്ഞു. പദ്ധതികളുടെ കാര്യങ്ങളിലെ വിഷയങ്ങളിലെ എതിർപ്പും അതിനുളള മറുപടിയൊക്കെയായി ശബ്ദഘോഷമായ നാളുകൾ.

ആവേശം കൂടി കൂടി കലക്‌ടറുടെ കൈയിൽ നിന്നും കാര്യങ്ങൾ കൈവിട്ടുപോയ സംഭവങ്ങളുമുണ്ട്. കലക‌്‌ടർ ബ്രോയ്ക്കൊപ്പം ആ സമയങ്ങളിൽ പലപ്പോഴും സോഷ്യൽ മീഡിയ പാറപോലെ നിന്നും. കലക്‌ടർ ബ്രോയുടെ പദ്ധതികൾ പലതും സോഷ്യൽ മീഡിയയിലെ പശു പോലെ പുല്ലു തിന്നാതെ നിന്നു, അല്ലെങ്കിൽ വിർച്വലായി തിന്നതായി തോന്നിപ്പിച്ചു. എന്നൊക്കെ വിമർശനങ്ങളുമുണ്ടായി. ഓപ്പറേഷൻ സുലൈമാനി മുതൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രപദ്ധതിവരെ ആശയത്തിൽ നിന്നിറങ്ങി പക്ഷേ പ്രവർത്തിപഥത്തിൽ പകുതിവഴിയിലായി എന്നൊക്കെയാണ് ബ്രോയെ ഫോ ആയി കാണുന്നവരുടെ വിമർശനങ്ങൾ.

കലക്‌ടർ ബ്രോയ്ക്ക് ആദ്യം കാലുതെറ്റിയത് ജനാധിപത്യത്തിന്റെ മേൽ ബ്യൂറോക്രസിയുടെ മാപ്പ് ഇട്ടപ്പോഴാണ്. വൈകിയാണ് ജനാധിപത്യത്തിൽ ജനപ്രതിനിധിയും ബ്യൂറോക്രാറ്റും ഡബിൾ ബുൾസ് ഐയിലെ കണ്ണ് പോലെയല്ല, രണ്ടും രണ്ട് തരം ഐ ആണെന്ന ബോധം ബ്രോയ്ക്കുണ്ടായത്. കോഴിക്കോട് എം പിയായ എം കെ. രാഘവനുമായി ഇടഞ്ഞപ്പോൾ ഒപ്പം നിന്നവർ പോലും രണ്ട് തട്ടായി. എം പി ഫണ്ട് വിനിയോഗം സംബന്ധിച്ച് എം. കെ. രാഘവൻ ഉന്നയിച്ച വിമർശനങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങിയത്. എം പി ക്ക് മറുപടിയായി കലക്‌ടർ കുന്ദംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ ഇട്ടു. അത് വലിയ വിവാദമായി. എം പി മുഖ്യമന്ത്രി പിണറായി വിജയനും ലോകസഭയിലും പരാതി നൽകി. ബ്രോ വീണ്ടും സോഷ്യൽ മീഡിയയിൽ കരുത്ത് കാട്ടി ബുൾസ് ഐ പടമിട്ടു. വിവാദം പഞ്ചാരിമേളം പോലെ കൊട്ടിക്കയറി. പിന്നീട് മറ്റൊരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ വീട്ടിൽ വച്ച് എം പിയും ബ്രോയും തമ്മിൽ പ്രശ്നങ്ങൾ “കോംപ്ലിമെന്റ്സാക്കി’ എന്നാണ് കോഴിക്കോട്ട് അങ്ങാടിപ്പാട്ട്. അതായത് തേവളളി പറന്പിൽ ജോസഫ് അലക്സിന് പഠിക്കാനിറങ്ങിയ ബ്രോ പാതിവഴിയിൽ പഠിത്തം നിർത്തി ഡ്രോപ് ഔട്ടായി. ഇതിൽ നെല്ലെത്ര പതിരെത്ര എന്ന് എം പിയും കലക്‌ടറുമാണ് പറയേണ്ടത്. അവരിരുവരും അക്കാര്യം പറഞ്ഞില്ല. പക്ഷേ, പരാതി അവിടെ തന്നെ നിന്നു. എന്നാൽ എം പി പരാതി പ്രസ് ചെയ്യാതെ വിട്ടു. പുതിയ സർക്കാർ വന്ന് ബ്രോയെ ഒഴിച്ച് മറ്റ് കലക്‌ടർമാരെ മുഴുവൻ മാറ്റിയപ്പോഴും സോഷ്യൽ മീഡിയാ താരമായ ബ്രോയെ മാറിയ ഭരണം തൊട്ടില്ല.

വിജിലൻസ് നടപടികൾക്കെതിരായി ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിൽ രൂപപ്പെട്ട അസ്വസ്ഥതയക്ക് സമര രൂപം കൈവരിച്ചപ്പോൾ കലക്‌ടർ ന്യൂജെൻ രീതിയിൽ അതിൽ നിന്നും വിട്ടു നിന്നുവത്രേ. അതോടെ ഐ എ എസ് തന്പുരാക്കന്മാർ തിരുവനന്തപുരം സ്റൈലിൽ കലിച്ചു. ഇളമുറക്കാരന് ഇത്രയക്ക് അഹങ്കാരമോ എന്ന് മലയാള സിനിമയിലെ വളളുവനാടൻ ശൈലിയിൽ തിരുവനന്തപുരം ഉദ്യോഗസ്ഥ ലോബി പരസ്പരം മുറുമുറുത്തു. ഐ എ എസ് തറവാട്ടിൽ ബ്രോയ്ക്കെതിരായി ആഭിചാരത്തിന് വിളക്ക് വച്ചു. പക്ഷേ കൊളുത്താൻ തീ കിട്ടാതെ വലയുകായിരുന്നു തന്പുരാക്കന്മാർ.

കാര്യങ്ങളിങ്ങനെയയൊക്കെയായി ബ്രോ നിർഭയം നിരന്തരം മുന്നോട്ട് പോകുമ്പോഴാണ് വാഹന വിവാദം പൊട്ടിപ്പുറപ്പെടുന്നത്. കലക്‌ടർ കസേരയിലിരിക്കുന്പോൾ കാൽനടക്കാരനെ പേടിക്കുന്നതെന്തിന് എന്ന മട്ടിൽ പായുന്പോവാണ് വാഹന വിവാദം പൊട്ടിപുറപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഒറ്റിയെന്നാണ് പാണന്മാർ പാടുന്നത്. കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ എന്ന് പാട്ടിന്റെ നാട്ടിൽ കഴിയുമ്പോൾ ബ്രോ ഓർത്തില്ല, ബ്രോ കലക്‌ടറുടെ വാഹനത്തിന് പകരം വേറെ വാഹനം ഉപയോഗിച്ചു. ഇത് വിവരാവകാശമായി പുറത്തുവന്നു. അത് ചാനൽവാർത്തയായി. ബ്രോയുടെ വാഹന വിവാദം വൈറൽ പനി പോലെ വൈറലായി. നാട്ടിൽ പാട്ടായി. അതിനിടയിൽ പണമടയ്ക്കാൻ ശ്രമം നടന്നു. പക്ഷേ അത് കൂടുതൽ വിവാദമായി. ബ്രോ തന്റെ ആയുധവും അങ്കത്തട്ടുമായ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഫേസ് ബുക്കിൽ എതിരാളികളുമായി അങ്കം കുറിച്ചു. പക്ഷേ, അങ്കത്തട്ടിൽ വന്ന വാക്കുകൾ ഭസ്മാസുരന്റെ വിരൽ പോലെ തിരിച്ചു ചൂണ്ടി. തീ കാത്തിരുന്ന തന്പുരാക്കന്മാർ അത് തന്നെ അവസരമാക്കി.

‘പറ്റിയൊരു താവളം അങ്ങ് ഡൽഹിയിലുണ്ട്’ എന്ന രൺജിപണിക്കർ ഡയലോഗൊന്നും പറയാൻ സംരക്ഷവേഷങ്ങൾക്കു സമയം ഉണ്ടായില്ല. പതുക്കെയങ്ങ് മാറ്റി സർക്കാർ. നേരത്തെ ബ്രോ യെ കുടിയിരുത്തുമെന്ന് കിവംദന്തി പടർന്ന സാമൂഹിക സുരക്ഷാ മിഷനായിരിക്കുമോ ഇനി ബ്രോയുടെ അറ്റാക്ക് നേരിട്ട് വൈറലാകുന്ന ഇടം. തൽക്കാലം കലക്‌ടർ ബ്രോയ്ക്ക് സർക്കാർ വക ഒരു ബ്രേയ്ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.