scorecardresearch
Latest News

West Nile Virus- വെസ്റ്റ് നൈല്‍ പനി: ആശങ്ക വേണ്ട, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം

West Nile Virus- വെസ്റ്റ് നൈല്‍ പനി: ആശങ്ക വേണ്ട, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സംസ്ഥാനത്ത് തൃശൂർ ജില്ലയിൽ വെസ്റ്റ്നൈൽ പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചിരിക്കുകയാണ്. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല.

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ മലപ്പുറം ജില്ലയില്‍ 6 വയസകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരണമടഞ്ഞിരുന്നു.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

West Nileരോഗപ്രതിരോധവും ചികിത്‌സയും

വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ച. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം, കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം, വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം, പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണം എന്നീ നിർദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നു. രോഗം സംബന്ധിച്ച സ്ഥിതിഗതികൾ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വലിയിരുത്തുകയും ചെയ്തു.

വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: What is west nile virus guidelines treatment symptoms and all you need to know