scorecardresearch

'ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു'

രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

author-image
WebDesk
New Update
Pinarayi Vijayan | Uniform Civil Code

പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment

ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു.

അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.

Advertisment

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന "ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന രാജ്യചിന്തയെപോലും മനസ്സുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ.

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Central Government Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: