scorecardresearch

പതിനേഴ് വർഷം; പിണറായി അതിജീവിച്ച എസ്എൻസി ലാവ്‌ലിൻ കേസിന്റെ നാൾവഴി

വിജിലൻസും സിബിഐ പ്രത്യേക കോടതിയും സ്വീകരിച്ച അതേ നിലപാടാണ് കേരള ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്

India-Israel, ഇന്ത്യ -ഇസ്രയേൽ സൗഹൃദം, പിണറായി വിജയൻ, Pinarayi Vijayan, കേരള മുഖ്യമന്ത്രി, Kerala Chief Minister

നീണ്ട പതിനേഴ് വർഷത്തെ ചരിത്രമാണ് കേരളത്തിൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടുള്ളത്. 2001 ൽ ആരംഭിച്ച വിജിലൻസ് അന്വേഷണത്തിൽ അന്ന് തന്നെ പ്രതിസ്ഥാനത്തേക്ക് വന്നവരിൽ പ്രധാനി പിണറായി വിജയനായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലം കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും കരിനിഴൽ വീഴ്ത്തിയിട്ടും പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവ് പാറപോലെ ഉറച്ചുനിന്നു; ഒപ്പം സിപിഎമ്മും.

1994 മാർച്ച് 29 നാണ് കേരളത്തിൽ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികൾ നവീകരിക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഒരു വർഷം കഴിഞ്ഞ് 1995 ആഗസ്ത് 10 ന് ഇതിനായുള്ള പദ്ധതിക്കായി എസ്എൻസി ലാവ്ലിൻ കന്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.

ആറ് മാസം കഴിഞ്ഞ് 1996 ഫെബ്രുവരി 24 ന് കന്പനിയെ കൺസൾട്ടൻ്റാക്കി ആൻ്റണി സർക്കാർ കരാർ ഒപ്പുവച്ചു.ചാരക്കേസ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരുണാകരനെ അധികാരത്തിൽ നിന്നും പുറത്താക്കി എ കെ. ആന്റണി അധികാരത്തിലേറിയതിന് ശേഷം വന്ന യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇത്. ജി. കാർത്തികേയനായിരുന്നു അന്ന് വൈദ്യുത മന്ത്രി.

തിരഞ്ഞെടുപ്പിൽ എൽ​ ഡി എഫ് വിജയത്തെ  തുടർന്ന്  1996  മെയ് 20 ന് ഇകെ നായനാർ മന്ത്രിസഭ അധികാരത്തിൽ വരുന്നു. പിണറായി വിജയന് വൈദ്യുതി മന്ത്രിസ്ഥാനം.

കേരളത്തിലെ വൈദ്യുതി വിതരണ മേഖലയിൽ വികസനം ലക്ഷ്യമിട്ട് പഠനം നടത്താൻ സിപിഎം ഇ.ബാലാനന്ദൻ കമ്മിഷനെ നിയമിക്കുന്നത് സെപ്തംബർ 16 നായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴാണ് പിണറായി വിജയൻ്റെ കാനഡ സന്ദർശനം നടന്നത്. ഒക്ടോബർ 23 നായിരുന്നു ഇത്.

1997 ഫിബ്രവരി 2 ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പന്നിയാർ, പള്ളിവാസൽ, ചെങ്കുളം പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്ക് ചുമതലപ്പെടുത്തിയാൽ മതിയെന്ന് ഇ.ബാലാനന്ദൻ കമ്മിഷൻ്റെ റിപ്പോർട്ട്.

എന്നാൽ എസ്എൻസി ലാവ്ലിനുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നു. കരാർ തുക 153.6 കോടിയായി പുതുക്കി നിശ്ചയിച്ച് സർക്കാരിൻ്റെ തീരുമാനം.

1997 ജൂണിൽ പിണറായി വിജയനും ഇ.കെ.നായനാരും കാനഡ സന്ദർശിക്കുന്നു. പിന്നാലെ 1998 ഏപ്രിലിൽ കാനഡ സർക്കാരുമായി മലബാർ കാൻസർ സെൻ്ററിന് ധനസഹായം ലഭ്യമാക്കണമെന്ന വിഷയത്തിൽ പിണറായി വിജയനും ഇകെ നായനാരും ചർച്ച നടത്തുന്നു. മൂന്ന് മാസത്തിന്  ശേഷം കാനഡയിലെ കയറ്റുമതി വികസന കോർപ്പറേഷനുമായി ഇക്കാര്യത്തിൽ കേരള സർക്കാർ കരാർ ഒപ്പുവയ്ക്കുന്നു.

സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1998 ഒക്‌ടോബർ 19 ന് പിണറായി വിജയൻ മന്ത്രി സ്ഥാനം ഒഴിഞ്ഞു.

1998 ഒക്‌ടോബർ 25ന് എസ്. ശർമ്മ പുതിയ വൈദ്യതി, സഹകരണ മന്ത്രിയായി ചുമതലയേറ്റു.

1999 മുതൽ  ലാവ്‌ലിൻ സംഭവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായ വാർത്തകൾ വരുന്നു.

നിയമസഭയിലും പലതവണ ഈ വിഷയം ചർച്ചയ്ക്കു വന്നു.

2001 ൽ എകെ ആൻ്റണി സർക്കാർ അധികാരത്തിൽ. യുഡിഎഫ് എംഎൽഎമാർ ഒന്നടങ്കം എഴുതി നൽകിയ പരാതിയിൽ ഈ വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

2005 ജൂലായിൽ പദ്ധതി വഴി കേരളത്തിന് 374 കോടി രൂപ നഷ്ടം സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട്. പിന്നാലെ ഈ കരാർ പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ലെന്ന് വിഎസ്.

2006 ഫെബ്രുവരിയിൽ പിണറായി വിജയന് ആദ്യ ആശ്വാസം. പ്രതിയാക്കാനാകില്ലെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

ഒരു മാസത്തിന് ശേഷം കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. നവംബറിൽ കേസന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സിബിഐ തീരുമാനിക്കുുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ.

2007 ൽ ജനവരിയിൽ സിബിഐ അന്വേഷണത്തിന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നു. കേസന്വേഷണത്തിന് സിബിഐ ഡയറക്ടർ ചെന്നൈ യൂണിറ്റിന് നിർദ്ദേശം നൽകുന്നു. കരാർ വഴി കേരളത്തിന് ലാഭമുണ്ടായില്ലെന്ന് 2008 ഫിബ്രവരിയിൽ സിബിഐ സത്യവാങ്മൂലം സമർപ്പിച്ചു.

2008 ജൂലൈയിൽ പിണറായിക്കെതിരായ അനധികൃത സ്വത്ത് സന്പാദന ആരോപണം തള്ളി ആദായ നികുതി വകുപ്പ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. രണ്ട് മാസം കഴിഞ്ഞപ്പോൾ സിബിഐ ലാവലിൻ കേസ് അന്വേഷിച്ചതിനെ കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശിച്ചു. ഇതേ തുടർന്ന് സെപ്തംബർ 22 ന് കേസ് ഡയറി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു.

2009 ജനവരി 23 ന് കേസന്വേഷണം പൂർത്തിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. പിണറായിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കുറ്റപത്രത്തിൽ പരാമർശം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവർത്തിച്ചത് മൂലം സംസ്ഥാന സർക്കാരിനും വൈദ്യുതി ബോർഡിനും 390 കോടി നഷ്ടമുണ്ടായെന്നാണ് സിബിഐ കുറ്റപത്രത്തിൽ കുറ്റപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്.

2009 ജനവരി 23 ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറാിയി വിജയനെ പ്രൊസിക്യൂട്ട് ചെയ്യാൻ ഗവർണർ ആർഎസ് ഗവായിയുടെ അനുമതി.

2009 ജൂണിൽ പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. ആദ്യം ഒൻപതാം പ്രതിയായിരുന്നു പിണറായി. ഗവർണർ തന്നെ വിചാരണ ചെയ്യാൻ അനുമതി നൽകിയത് ചോദ്യം ചെയ്ത് പിണറായി വിജയൻ സുപ്രീം കോടതിയിൽ.

2013 നവംബർ അഞ്ചിന് സിബിഐ പ്രത്യേക കോടതി പിണറായി വിജയനെതിരായ ആരോപണങ്ങൾ തള്ളി വിധി പുറപ്പെടുവിച്ചു. തൊട്ടടുത്ത ദിവസം ഇതിനെതിരെ ക്രൈം പത്രാധിപർ നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചു.

2014 ഫെബ്രുവരിയിൽ ലാവലിൻ കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജസ്റ്റിസുമാർ പിന്മാറി. തുടർന്ന് ചീഫ് ജസ്റ്റിസിൻ്റെ നിർദ്ദേശ പ്രകാരം ജസ്റ്റിസ് കെ.രാമകൃഷ്ണൻ ലാവലിൻ കേസിൽ വാദം കേട്ടു. സംസ്ഥാന ഖജനാവിന് ഈ ഇടപാടിൽ 266.25 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം.

2017 ആഗസ്ത് 23: വീണ്ടും പിണറായി വിജയന് അനുകൂലമായ കോടതി വിധി. പിണറായിക്കെതിരായ ആരോപണങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹത്തെ പ്രതിയാക്കാൻ സിബിഐ മനപ്പൂർവ്വം ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഒരിക്കൽ കൂടി പിണറായി വിജയന്  നീതിപീഠത്തിൻ്റെ മുന്നിൽ ക്ലീൻ ചിറ്റ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: What is snc lavlin case calender pinarayi vijayan kerala electricity board