ചെറിയ കടകളിൽ വരെ യുപിഎ ട്രാൻസാക്ഷനുകൾ എത്തിയതോടെ ആളുകൾ കൈയിൽ പണം സൂക്ഷിക്കുന്ന പതിവിന് മാറ്റം വന്നു. ഓട്ടോറിക്ഷകളിലും ടാക്സികളിലും വരെ ക്യൂആർ കോഡ് വന്നതോടെ യാത്രകൾക്കും പണം കൈയിൽ കൊണ്ട് നടക്കുന്നത് കുറഞ്ഞു. കെഎസ്ആർടിസി ബസിൽ യുപിഎ വഴി ടിക്കറ്റ് സംവിധാനം കൊണ്ടുവരാൻ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം അവയും നീട്ടിവയ്ക്കേണ്ടി വന്നു.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനുമാണ് കെഎസ്ആർടിസി സ്മാർട് ട്രാവൽ കാർഡ് പദ്ധതി രൂപീകരിച്ചത്. കെഎസ്ആർടിസിയുടെ കൊമേഴ്സ്യല് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിനായി പ്രചാരണങ്ങൾ സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസിയുടെ സ്മാർട് ട്രാവൽ കാർഡ് ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.
എന്താണ് ട്രാവൽ കാർഡ് സംവിധാനം?
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് സംവിധാനം വഴി ഇനി പണം കൈമാറ്റം ചെയ്യാതെ തന്നെ ബസിൽ യാത്ര ചെയ്യാൻ കഴിയും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടെക്നോളജി (ആർഎഫ്ഐഡി) സാങ്കേതിക വിദ്യയുള്ള ട്രാവൽ കാർഡാണ് ഉപയോഗിക്കുന്നത്. ഇത് വഴി മുൻകൂറായി പണം റീചാർജ് ചെയ്ത് യാത്ര ചെയ്യാം. യാത്രക്കാരുടെയും കണ്ടക്ടറുടടെയും ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.
ട്രാവൽ കാർഡ് സംവിധാനം എവിടെ?
പ്രരംഭഘട്ടമെന്ന നിലയിൽ തിരുവനന്തപുരം മേഖലയിൽ മാത്രമാണ് ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്. സിറ്റി സർക്കുലർ (ചുവപ്പ് ബസ് ), സിറ്റി ഷട്ടിൽ (നീല ബസ് ), സിറ്റി റേഡിയൽ സർവീസ് (പച്ച ബസ്) എന്നിവയിലാണ് ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്. തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും കാർഡുകൾ ലഭ്യമാക്കും. എല്ലാ ഡിപ്പോകളിലും ആർഎഫ്ഐഡി സംവിധാനം ഉപയോഗിക്കാനുള്ള ടിക്കറ്റ് മെഷീനുകളിലേക്ക് മാറ്റുന്നതിന്റെ കാലതാമസമാണുള്ളതെന്ന് കെഎസ്ആർടിസി ചീഫ് ട്രാഫിക് മാനേജർ ലോപ്പസ് പറഞ്ഞു. കണ്ടക്ടർമാർ, കെഎസ്ആർടിസി ഡിപ്പോകൾ എന്നിവ വഴി കാർഡുകൾ ലഭിക്കും.
കാർഡ് വാങ്ങാനും പണം കൊടുക്കണോ?
വേണ്ട. കെഎസ്ആർടിസി ട്രാവൽ കാർഡ് സൗജന്യമാണ്. കാർഡിനായി ആദ്യം നൽകുന്ന 100 രൂപ നൽകണം എന്നാൽ, അവ ടിക്കറ്റ് എടുക്കാനായി ഉപയോഗിക്കാൻ സാധിക്കും. ട്രാവൽ കാർഡ് ഉപയോഗിച്ച് എടുക്കുന്ന ടിക്കറ്റിൽ അതിനു മുൻപ് ഉണ്ടായിരുന്ന തുകയും ശേഷിക്കുന്ന തുകയും രേഖപ്പെടുത്തും. 50 മുതൽ 2000 രൂപ വരെ റീചാർജ് ചെയ്യാൻ സാധിക്കും. 250 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികം രൂപ ബാലൻസായി ലഭിക്കും. ഉദാഹരണത്തിന് 250 രൂപയ്ക്ക് റീചാർജ് ചെയ്താൽ 275 രൂപ കാർഡിൽ ലഭിക്കും. അങ്ങനെ 2000 രൂപയുടെ റീചാർജിനു 200 രൂപയും അധികം ലഭിക്കും.
പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാർട്ട് ട്രാവൽകാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭ്യമാക്കിയിരുന്നു. കെഎസ്ആർടിസി 50 രൂപ അധികം ആദ്യ 1500 കാർഡുകളിൽ നൽകിയിരുന്നു.
കാർഡ് റീചാർജ് ചെയ്യുന്നതെങ്ങനെ?
കണ്ടക്ടറാണ് കാർഡ് റീചാർജ് ചെയ്ത് തരുന്നത്. ആർഎഫ്ഐഡി ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ടിക്കറ്റ് മെഷീൻ വഴിയാണ് റീചാർജിങ്ങും ടിക്കറ്റ് എടുക്കുന്നതും. വൈഫൈ കാർഡുകൾ പോലെ മെഷീനിന്റെ മുകളിൽ കാർഡ് കാണിച്ചാൽ മതിയാകും. ഇപ്പോൾ യാത്രക്കാർക്ക് തനിയെ കാർഡ് റീചാർജ് ചെയ്യാൻ സാധിക്കില്ല. കൂടാതെ പണം ചാർജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും.
ട്രാവൽ കാർഡുകൾ റീ ചാർജ് ചെയ്യുന്നത് വഴി കെഎസ്ആർടിസിക്ക് മുൻകൂർ തുക ലഭിക്കുമെന്ന നേട്ടവുമുണ്ട്. കൂടാതെ ട്രാവൽകാർഡ് എടുക്കുന്നവർ സ്ഥിരം യാത്രക്കാർ ആകുകയും ചെയ്യാം. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്തു ഷെഡ്യൂളുകൾ പുനക്രമീകരിക്കാനും സാധിക്കും.

ഉപയോക്താക്കൾ അറിയാൻ
- മൊബൈൽ നമ്പറും പേരും നൽകിയാൽ കാർഡ് സ്വന്തമാക്കാൻ സാധിക്കും. ടിക്കറ്റ് വിവരങ്ങളും ബാലൻസ് വിവരങ്ങളും കാർഡിൽ മാത്രമാണ് അടങ്ങിയിരിക്കുന്നത്.
- കാർഡുകൾ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ കൈമാറി യാത്രയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകൾ എടുക്കാനാകും. ഉദാഹരണത്തിനു കുടുംബവുമെത്ത് യാത്ര ചെയ്യുമ്പോൾ എല്ലാവർക്കുമുള്ള ടിക്കറ്റ് ഒറ്റ കാർഡ് വഴി തന്നെ എടുക്കാൻ സാധിക്കും.
- കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം.
- കാർഡിലെ തുകയ്ക്ക് കാലാവധിയില്ല. കുറേ നാൾ ഉപയോഗിക്കാതെ ഇരുന്നാൽ റീആക്ടിവേറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല.
- കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡിന്റെ ഉടമയ്ക്കായിരിക്കും. കാർഡ് പ്രവർത്തിക്കാതെ വന്നാൽ കെഎസ്ആർടിസി, ഐടി വിഭാഗം വിലയിരുത്തിയ ശേഷം കാർഡ് മാറ്റി നൽകും.
- കാർഡ് ഒടിയുകയോ, പൊട്ടുകയോ ചെയ്താൽ മാറ്റി നൽകില്ല. പകരം പുതിയ കാർഡ് ലഭിക്കും. എന്നാൽ പഴയ കാർഡിലെ ബാലൻസ് തുക പുതിയവയിലേക്ക് മാറ്റാൻ സാധിക്കില്ല എന്ന പരിമിതിയുണ്ട്.
- ട്രാവൽ കാർഡിൽ ഏതെങ്കിലും രീതിയിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കെഎസ്ആർടിസി നിയമനടപടികൾ സ്വീകരിക്കും.
ഇതുവരെ വിതരണം ചെയ്തത്
ഇതുവരെ 2000ത്തോളം ട്രാവൽ കാർഡുകളാണ് വിതരണം ചെയ്തത്. മറ്റു ഡിപ്പോകളിലും ട്രാവൽ കാർഡ് സംവിധാനം ആരംഭിക്കുന്നതനുസരിച്ച് ഡിപ്പോകളിൽ ഇതിനായും റിസർവേഷനായും കൗണ്ടറുകൾ രൂപീകരിക്കും. ആർഎഫ്ഐഡി പ്രകാരം പ്രവർത്തിക്കുന്നതിനാൽ ട്രാൻസാക്ഷനുകളിൽ പിഴവ് വരാനുള്ള സാധ്യത കുറവാണ്. സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പ് വഴി കാർഡ് സൗജന്യമായിട്ടാണ് നൽകുന്നത്.