കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോയ്ക്ക് പുറകെ മറ്റൊരു പദ്ധതി കൂടി ആരംഭിച്ചിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ‘കൊച്ചി 1’ കാര്‍ഡ് ആണ് കെഎംആര്‍എല്ലിന്‍റെ പുതിയ പദ്ധതി.

കൊച്ചി 1 എന്ന പ്രീ പേഡ് കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാനാകും. ഇപ്പോള്‍ മെട്രോയ്ക്ക് മാത്രമായി ചെയ്തിരിക്കുന്ന ഈ കാര്‍ഡ് സേവനം വൈകാതെ തന്നെ മറ്റു സാമ്പത്തിക സര്‍വ്വീസുകളിലേക്കും വിന്യസിപ്പിക്കാനാണ് കെഎംആര്‍എല്‍ പദ്ധതിയിടുന്നത്. കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവാണ് കൊച്ചി 1 കാര്‍ഡിന്‍റെ ഉദ്ഘാടനം ചെയ്തത്. കൊച്ചി 1 പദ്ധതിയുടെ ഒരു മൊബൈല്‍ ആപ്ലിക്കേഷനും വൈകാതെ പുറത്തിറക്കും എന്നും അറിയുന്നു.


എന്താണ് കൊച്ചി 1 കാര്‍ഡ് ?

മെട്രോ ട്രെയിനുകളില്‍ യാത്രചെയ്യുവാനായി ഉപയോഗിക്കാവുന്ന പ്രീപേഡ് സ്മാര്‍ട്ട് കാര്‍ഡ് ആണ് ‘കൊച്ചി 1’. ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിനുകളില്‍ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും ഘട്ടംഘട്ടമായി ബസ് ഫെറി, മറ്റു ബില്‍ സേവനങ്ങള്‍ എന്നിവയ്ക്കും കാര്‍ഡ് ഉപയോഗം വിന്യസിപ്പിക്കും. അതിനുതകുന്ന രീതിയിലാണ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. “കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡുമായും കേരളാ ജല അതോറിറ്റിയുമായും ബന്ധപ്പെട്ടുകൊണ്ട് വൈദ്യുതി-ജല ബില്ലുകള്‍ ഈ കാര്‍ഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണ്.” കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ജനങ്ങളില്‍ ഈ കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനായി മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളില്‍ ‘മേള’ സംഘടിപ്പിക്കാനും കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്.

Read More : To Kochi Metro with Love: ലണ്ടൻ മെട്രോയിൽ നിന്നൊരു ആശംസ

മെട്രോ സ്റ്റേഷനുകള്‍ വഴി വില്‍ക്കുന്ന കാര്‍ഡിനു 150 രൂപയാണ് വില. ഇതിനായി ഫോണ്‍ നമ്പര്‍ ജനന തീയ്യതി എന്നിവ നല്‍കിയാല്‍ മാത്രം മതിയാവും. 200 രൂപയുടേതാണ് ആദ്യ ടോപ്‌ അപ്പ്.

കൊച്ചി 1 കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് മാസം പതിനായിരം രൂപയുടെ ഇടപെടലുകളും നടത്താം. ഒരു ലക്ഷം വരെയുള്ള തുകയുടെ ഇടപാട് നടത്താം എങ്കിലും അതിനാവശ്യമായ രേഖകള്‍ കൂടി നല്‍കേണ്ടതായുണ്ട്. നൂറു രൂപമുതലാണ്‌ തുടര്‍ന്നുള്ള റീചാര്‍ജുകള്‍. മെട്രോയാത്രയ്ക്കായി ഈ കാര്‍ഡ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎംആര്‍എല്‍.

യൂറോപേ, മാസ്റ്റര്‍കാര്‍ഡ്. വിസ സംവിധാനങ്ങളിലേത് പോലുള്ള ചിപ്പ് കാര്‍ഡ് സാങ്കേതികതയാണ് കൊച്ചി 1 ലും ഉപയോഗിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കുമായുള്ള സഹകരണത്തിലാണ് ഈ കാര്‍ഡ് സംവിധാനം.

Read More : To Kochi Metro with Love: പാരിസിൽ നിന്ന് ഗോത്തിയ കോഹ്ലർ എഴുതുന്നു…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ