കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളുടെ സമഗ്രവളര്‍ച്ചയ്ക്കൊപ്പം തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങളും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുകയെന്നതു ലക്‌ഷ്യംവെക്കുന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കരട് തൊഴില്‍ നയം. തൊഴില്‍ നയം നടപ്പിലാകുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ചിക്കുകയും തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫെയ്സ്ബുക് പേജില്‍ കുറിച്ചു. തൊഴിലിടങ്ങളില്‍ ശുചിമുറികള്‍, വിശ്രമമുറികള്‍, ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കുക. വേതനക്കുടിശിക തൊഴിലുടമയില്‍ നിന്ന് തന്നെ ഈടാക്കുവാനുള്ള റവന്യൂ റിക്കവറി വ്യവസ്ഥ കൊണ്ടുവരുക തുടങ്ങി ഒട്ടേറെകാര്യങ്ങള്‍ കരട് തൊഴില്‍ നയത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ അവ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തൊഴിലിടങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുന്നതിനും സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്താന്‍ ശക്തമായ ഇടപെടല്‍ നടത്തും. ഇത്തരത്തിൽ സമസ്തമേഖലയിലെയും തൊഴിലാളികൾക്ക് മാന്യമായ വേതനവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളെ ശാക്തീകരിക്കും. ഭരണച്ചെലവ് കുറച്ച് ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ ക്ഷേമപദ്ധതികള്‍ പരിഷ്കരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതു ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ തൊഴിൽ നയം രൂപീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലേറ്റവും തൊഴില്‍ വേതനമുള്ള സംസ്ഥാനമാണ് കേരളം. കരട്തൊഴില്‍ നയപ്രകാരം എല്ലാ തൊഴില്‍ മേഖലയിലും ‘ന്യായമായ തൊഴില്‍ വേതനം’ ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്‌ഷ്യം വെക്കുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ തൊഴില്‍മേഖലയിലും കുറഞ്ഞത് 600 രൂപ ദിവസവേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തൊഴിലാളി ക്ഷേമനിധി ബോർഡുകൾ ശക്തിപ്പെടുത്തികൊണ്ടുള്ള തൊഴില്‍നയം രൂപീകരിക്കും.വ്യവസായ ബന്ധങ്ങള്‍ക്കായുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്‍ഷികം, വിവരസാങ്കേതികവിദ്യ, മത്സ്യമേഖല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.

അസംഘടിത മേഖലയില്‍ തൊഴില്‍നിയമങ്ങള്‍ കര്‍ശനമാക്കും. തൊഴില്‍സംസ്കാരം മെച്ചപ്പെടുത്തുക എന്നതോടൊപ്പം കേരളത്തിലെ അസംഘടിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന അസംഖ്യം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ഇത് സഹായകമാവും. ഒരു ‘ലേബര്‍ ഇന്റലിജന്‍സ് സെല്ലും’ രൂപീകരിക്കും.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ‘ആവാസ്’ എന്നപേരില്‍ കേരളസര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷ്യുറന്‍സ് രാജ്യത്ത് തന്നെ അത്തരത്തില്‍ ആദ്യത്തേതാണ്. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ വളണ്ടിയര്‍മാരുടെ സഹായത്തോടെ അവരവരുടെ ഭാഷകളില്‍ അവകാശങ്ങള്‍, സാമൂഹ്യക്ഷേമ പദ്ധതികല്‍, യാത്രാ സൗകര്യങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയെകുറിച്ച് ബോധവത്കരിക്കും. ‘അപ്നാ ഘര്‍’ എന്ന പദ്ധതിയില്‍ പെടുത്തി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ ആവാസ വ്യവസ്ഥ ഒരുക്കുന്ന പദ്ധതി സംസ്ഥാനവ്യാപകമാക്കും.

തുടങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി വലിയോരു നിര പദ്ധതികള്‍ തന്നെ കരട് തൊഴില്‍ നയം പ്രഖ്യാപിക്കുന്നുണ്ട്.പ്ലാന്റേഷന്‍ തൊഴിലാളികളുടെ ഉന്നമനമാണ് തൊഴില്‍നയത്തിന്‍റെ കരടില്‍ പ്രതിപാദിക്കുന്ന മറ്റൊരു വിഷയം. പ്ലാന്റേഷന്‍ മേഖലയില്‍ വൈദ്യസഹായം, തൊഴിലാളികളുടെ മക്കള്‍ക്കായുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

പരമ്പരാഗത തൊഴില്‍ മേഖലയില്‍ തൊഴില്‍ അവസരം ഉറപ്പുവരുത്തും. തൊഴില്‍ ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു പുറമേ, ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടുകൊണ്ട് പദ്ധതികള്‍ രൂപീകരിക്കും. തൊഴിലാളികള്‍ക്കായുള്ള ഇന്‍ഷ്യൂറന്‍സ് പദ്ധതി (ഇഎസ്ഐ) വിപുലപ്പെടുത്തും. ഇഎസ്ഐ സേവനം നല്‍കുന്ന ആശുപത്രികള്‍ നവീകരിക്കുകയും കൂടുതല്‍ ആശുപത്രികളില്‍ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യും.

സ്ത്രീ സൗഹൃദപൂര്‍ണമായ തൊഴില്‍ പരിതസ്ഥിതി സൃഷ്ടിക്കുക എന്നതും ലക്ഷ്യംവെക്കുന്നതാണ് കരട് തൊഴില്‍ നയം. പ്രസവാനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക എന്നതിനോടൊപ്പം തന്നെ ജോലിസ്ഥലങ്ങളില്‍ കുട്ടികളെ മുലയൂട്ടുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നത് നിയമമാക്കും. പ്രസവാവധിക്കും നിയമപ്രകാരം ലഭിക്കേണ്ടതായ വേതനം ഉറപ്പുവരുത്തും. അധികസമയ ജോലിക്കുള്ള വേതനം ഉറപ്പുവരുത്തുക, ആഴ്ചയവധി, താമസം, ആവശ്യമെങ്കില്‍ ഗതാഗത സൗകര്യം എന്നിവയുറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെടും. തൊഴില്‍ നിയമം അനുശാസിക്കുന്ന തീര്‍ച്ചയായും നല്‍കേണ്ടതായ വിശ്രമമുറിയും ശുചിമുറിയും നിര്‍ബന്ധിതമാക്കും. തൊഴിലാളിടങ്ങളില്‍ ഇരിക്കുവാനുള്ള അവകാശം ഉറപ്പുവരുത്തും.

തൊഴില്‍ നൈപുണ്യം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഐടിഐ കളിലേക്കും ഉച്ചഭക്ഷണ പദ്ധതി വിന്യസിപ്പിക്കും. ഐടിഐ കളില്‍ സ്മാര്‍ട്ട് ക്ലാസ്‌ റൂം, വെര്‍ച്വല്‍ ക്ലാസ് റൂം തുടങ്ങി ന്യൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തും.തൊഴിൽ സുരക്ഷ ഉറപ്പാക്കൽ, എല്ലാ മേഖലകളിലേയും തൊഴിലാളികൾക്ക് മാന്യമായ പ്രതിഫലം, സാമൂഹ്യ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുക, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത് ലക്ഷ്യംവെച്ചുള്ളതാണ് കരടുതൊഴില്‍നയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.