കൊച്ചി: ആരും മറക്കാനിടയില്ലാത്ത കഥയാണത്. ജിഷ്ണു പ്രണോയ് എന്ന എൻജിനീയറിങ് വിദ്യാർത്ഥിയുടെ മരണം. ഒരു ഇടവേളയ്ക്ക് ശേഷം നമ്മളത് മറന്നുപോയോ? എങ്കിൽ മറക്കരുത്, കാരണം നീതി തേടുന്ന കുടുംബം ഇപ്പോഴും കണ്ണീർ വാർക്കുന്നുണ്ട്. അവർക്ക് ഇപ്പോഴും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
ശനിയാഴ്ച പുലർച്ചെ 1.40 നാണ് ആ ഫോൺ കോളും ജിഷ്ണുവിന്‍റെ വീട്ടിലേക്ക് എത്തിയത്. പറഞ്ഞത് ഇതാണ്, “സിബിഐക്ക് മൊഴി കൊടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊല്ലും,” ജിഷ്‌ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു.
ഇന്ന് ശ്രീജിത്തും ജിഷ്ണുവിന്‍റെ പിതാവ് അശോകനും സിബിഐ വിളിപ്പിച്ചത് അനുസരിച്ച് കൊച്ചിയിലെ സിബിഐ ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഈ ഭീഷണി സന്ദേശത്തിന്‍റെ കാര്യം സിബിഐ ഉദ്യോഗസ്ഥരോട് ഞങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ശ്രീജിത്ത് ഐഇ മലയാളത്തോട് പറഞ്ഞു.
പാമ്പാടി നെഹ്റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ ജിഷ്ണു മരിച്ചിട്ട് ഒരു വർഷവും അഞ്ച് മാസവും പിന്നിട്ടു. ഇപ്പോൾ കേസന്വേഷണം സിബിഐയുടെ പക്കലാണ്. ഈ കേസിൽ നേരത്തെ വടകരയിലെ വീട്ടിലെത്തി സിബിഐ സംഘം ജിഷ്ണുവിന്‍റെ അമ്മ മഹിജയോടടക്കം സംസാരിച്ചിരുന്നു.
“ഞങ്ങളിപ്പോഴും സിപിഎമ്മുകാർ തന്നെയാണ്. പാർട്ടിയിലെ നേതൃത്വം കാര്യങ്ങൾ തിരിച്ചറിഞ്ഞ് നല്ല സ്നേഹത്തിലാണ്. എന്നാൽ നാട്ടിൽ ചിലർക്ക് ഇപ്പോഴും ഞങ്ങളോട് അതൃപ്തിയുണ്ട്. അവരാരും ദ്രോഹിക്കുന്നൊന്നുമില്ല. ഞങ്ങളോട് ഇപ്പോഴും നാട്ടുകാരെല്ലാവരും നല്ല സ്നേഹത്തിൽ തന്നെയാണ്,” ശ്രീജിത്ത് പറഞ്ഞു.
എന്നാൽ തങ്ങൾക്ക് സിബിഐ അന്വേഷണം വരെ കാര്യങ്ങളെ എത്തിക്കാനാവുമെന്ന് കരുതാത്ത ചിലരുമുണ്ടെന്ന കാര്യം അദ്ദേഹം മറച്ചുവച്ചില്ല.
“ജിഷ്ണുവിന്‍റെ പേരിൽ 20 ലക്ഷം രൂപ ഞങ്ങൾ തട്ടിയെടുത്തുവെന്നാണ് പലരും പറഞ്ഞുണ്ടാക്കുന്നത്. ഞങ്ങളെ മാനസികമായി തളർത്താനുദ്ദേശിച്ചാണത്. മഹിജയെയും വീട്ടിലെ സ്ത്രീകളെയും മാനസിക സമ്മർദ്ദത്തിലാക്കി ഞങ്ങളുടെ പോരാട്ടത്തിന്‍റെ ശക്തി കുറയ്ക്കാനാണ് അവരുടെ ശ്രമം,” ശ്രീജിത്ത് പറഞ്ഞു.
“ഞങ്ങൾക്ക് സിബിഐ അന്വേഷണം വരെ കാര്യങ്ങളെ എത്തിക്കാനാവുമെന്ന് നാട്ടിലുളള പലരും കരുതിയിരുന്നില്ല. അവർക്കും ഞങ്ങളോട് എതിർപ്പുണ്ട്. ഇപ്പോൾ സ്ത്രീകളെ ഭയപ്പെടുത്തി അന്വേഷണത്തിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം,” ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണുവിന്‍റെ മരണത്തിന് ശേഷം സർക്കാർ 20 ലക്ഷം രൂപയാണ് കുടുംബത്തിന് പ്രഖ്യാപിച്ചത്. ഈ 20 ലക്ഷത്തിൽ ഇതുവരെ 10.2 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.
“ഇനിയും 9.8 ലക്ഷം രൂപ കിട്ടാനുണ്ട്. ആ തുക ജിഷ്ണുവിന്‍റെ പേരിൽ ചാരിറ്റി പ്രവർത്തനത്തിന് ബാങ്കിൽ നിക്ഷേപിച്ചതാണ്. ഒരു രൂപ പോലും അതിൽ നിന്ന് ഞങ്ങൾ എടുത്തിട്ടില്ല.”
കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പി.കൃഷ്ണദാസ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചിരുന്നു.
“ആ കുട്ടിയുടെ അമ്മ അനുഭവിച്ച പ്രയാസമൊന്നും നിങ്ങളിത് വരെ അനുഭവിച്ചിട്ടില്ല. അതുകൊണ്ട് കുറച്ച് കാലം സംസ്ഥാനത്തിന് പുറത്ത് താമസിച്ചാൽ മതി. കേരളത്തിലേക്ക് പോയെന്ന് അറിഞ്ഞാൽ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും,” എന്നാണ് കോടതി പറഞ്ഞത്.
“അയാളെന്തോ ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യത്തിൽ അയാൾക്കെന്തോ പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് അയാളിങ്ങനെ കോടതിയെ സമീപിക്കുന്നത്,” ശ്രീജിത്ത് സംശയം മറച്ചുവച്ചില്ല.
“ഏതോ ശക്തിയുണ്ട്. അതവൻ തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. നീതി കിട്ടും, അത് സിബിഐ ഉദ്യോഗസ്ഥർ ഉറപ്പു പറഞ്ഞിട്ടുണ്ട്. അതിലാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രതീക്ഷ,” ശ്രീജിത്ത് പറഞ്ഞു നിർത്തി.