തിരുവനന്തപുരം: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ ആറ് വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് വിദഗ്‌ധരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നിലവില്‍ ആരും തന്നെ സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയിട്ടില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഒരുപോലെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also read: രോഗപ്രതിരോധവും ചികിത്സയും

ഏഴ് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി, പരസ്പര ബന്ധമില്ലാതെയുള്ള പെരുമാറ്റം, കഠിനമായ തലവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അവരെ കര്‍ശനമായി നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയയ്ക്കാനും നിർദേശമുണ്ട്. ഇതിന് പുറമെ ഇവരുടെ സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയം വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍, സ്റ്റേറ്റ് സര്‍വയന്‍സ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം മരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച് പഠനം നടത്തി വരുന്നു. പക്ഷികളുടേയും കൊതുകുകളുടേയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച് പരിസരത്ത് വെസ്റ്റ് നൈല്‍ വൈറസില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടാതെ പകര്‍ച്ച വ്യാധികള്‍ തടയാനായി പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.

വെസ്റ്റ് നൈലിനേക്കാളും പേടിക്കേണ്ട ജപ്പാന്‍ ജ്വരത്തെ ചെറുക്കുന്നതിനും പ്രാധാന്യം നല്‍കുന്നു. കൊതുക് പരത്തുന്ന ഈ രോഗം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മരണ സംഖ്യ 30 ശതമാനത്തോളമാണ്. ജപ്പാന്‍ ജ്വരത്തെ പ്രതിരോധിക്കാന്‍ തിരുവനന്തപുരത്തം ആലപ്പുഴയിലും ഒന്നര വയസുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ മലപ്പുറത്തും കോഴിക്കോടും വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഡല്‍ഹിയിലെ ജെഇ ഡിവിഷന്റെ അനുമതിയോടെ മാത്രമേ ഇത് നല്‍കാനാകൂ. അതിനാല്‍ അവരുടെ അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ