കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് വെസ്റ്റ് നൈൽ പനി ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. രോഗിയുടെ രക്തസാമ്പിളിന്റെ പ്രാഥമിക പരിശോധനയിൽ പനി ബാധയാണെന്ന് സംശയം തോന്നിയിരുന്നു. സ്ഥിരീകരിക്കുന്നതിനായി ഇന്ന് വീണ്ടും രോഗിയിൽ നിന്ന് രക്തസാമ്പിൾ ശേഖരിക്കും.
ഈ റിസൾട്ടും പോസിറ്റീവ് ആയാൽ മാത്രമേ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് വെസ്റ്റ് നൈൽ രോഗമാണെന്ന് സ്ഥിതീകരിക്കൂവെന്നാണ് ഡിഎംഒ ഡോ.വി.ജയശ്രീ പറഞ്ഞു. അതേസമയം രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.
കോഴിക്കോട് പാവങ്ങാട് സ്വദേശിനിക്കാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പനിയും മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളോടും കൂടി ജൂലൈ പതിമൂന്നിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യുലക്സ് കൊതുകുകളില്‍ നിന്നാണ് വൈറസ് പകരുന്നത്. പക്ഷികളില്‍ നിന്നാണ് ഈ വൈറസ് കൊതുകുകളിലെത്തുകയെന്നാണ് വിവരം.
ഇതാദ്യമായല്ല സംസ്ഥാനത്ത് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ 2011 ലും 2013 ലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം കോഴിക്കോട് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.