തിരുവനന്തപുരം: പ്രളയദുരിതത്തിൽനിന്നും കരകയറാനുളള കേരളത്തിന്റെ ശ്രമങ്ങൾക്ക് പ്രായഭേദമന്യേ കൈതാങ്ങുമായി ഓരോരുത്തരും മുന്നോട്ടുവരുന്നത് കേരളക്കരയോടുളള അവരുടെ സ്നേഹമാണ് കാണിക്കുന്നത്. ആരെയും കാണിക്കാതെ ഒളിപ്പിച്ചുവച്ചിരുന്ന കുടുക്കകൾ പൊട്ടിച്ച് അതിലെ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയാണ് കൊച്ചുകുട്ടികൾ കേരളത്തിന്റെ നവനിർമ്മാണത്തിന് പങ്കുചേർന്നത്. വാർധക്യകാലത്ത് ജീവിക്കാൻ കരുതിയിരുന്ന പണമാണ് ചിലർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. ഇത്തരത്തിൽ കേരളത്തെ കൈപിടിച്ച് ഉയർത്താൻ സന്നദ്ധ കാട്ടി മുന്നോട്ടുവന്ന മഹാമനസ്സുകൾ ഒട്ടേറെ.

കേരളത്തിനു പുറത്തുനിന്നും ഇത്തരത്തിൽ സഹായഹസ്തം നീട്ടി എത്തിയവർ നിരവധിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശ്ചിമ ബംഗാളിൽനിന്നും സഹായഹസ്തം നീട്ടിയിരിക്കുന്നത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തനിക്ക് കിട്ടുന്ന തുകയിൽനിന്നും മിച്ചംപിടിച്ച 3,280 രൂപയാണ് ബിർഭും ജില്ലയിലെ കരിന്ധ്യ ഗ്രാമത്തിലെ ജെആർഎം ആന്റ് പി ഹൈസ്കൂളിലെ വിദ്യാർത്ഥിയായ സുലഗ്ന സെൻ മണി ഓർഡറായി ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. ജന്മദിന ദിവസമാണ് കേരളത്തിന് സഹായിക്കാനായി പതിമൂന്ന് കാരിയായ പെൺകുട്ടി ചെലവ് ചുരുക്കി സമ്പാദിച്ച തുക മുഴുവനും കേരളത്തിന് നൽകിയത്.

മണി ഓർഡറിനൊപ്പം സുലഗ്ന ഒരു കത്തും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയിട്ടുണ്ട്. 29-ാം തീയതി അയച്ച കത്ത് ഇന്നാണ് കിട്ടിയത്. ”ഈയൊരു വർഷത്തിനിടയിൽ എന്റെ ഉച്ചഭക്ഷണത്തിന്റെ അടക്കമുളള ചെലവുകൾ ചുരുക്കി മിച്ചം പിടിച്ച തുകയാണ് 3,280 രൂപ.  എന്തെങ്കിലും നല്ല കാര്യത്തിനുവേണ്ടി ചെലവാക്കാനാണ് ഞാനിത് മിച്ചം പിടിച്ചത്. ടിവിയിലൂടെയാണ് കേരളത്തിലെ പ്രളയദുരന്തത്തെ കുറിച്ച് കണ്ടറിഞ്ഞത്. അവിടുത്തെ അവസ്ഥ എന്നെ വേദനിപ്പിച്ചു. ഞാൻ മിച്ചം പിടിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ഇതൊരു ചെറിയ തുകയാണെന്ന് അറിയാം. പക്ഷേ മനസ്സറിഞ്ഞാണ് ഞാനിത് നൽകുന്നത്”, വിദ്യാർത്ഥി കത്തിൽ പറയുന്നു.

പ്രളയത്തിൽപ്പെട്ട കേരളത്തിന് സഹായവുമായി നേരത്തെ തമിഴ് നാട്ടിലെ ഒരു കുഞ്ഞു പെൺകുട്ടി എത്തിയിരുന്നു.  സൈക്കിൾ വാങ്ങാൻ ശേഖരിച്ച പണമാണ് അനുപ്രിയ എന്ന രണ്ടാംക്ലാസുകാരി കേരളത്തിന് നൽകിയത്. നാല് വർഷമായി ശേഖരിച്ച 9,000 രൂപയാണ് അനുപ്രിയ കേരളത്തിന് നൽകിയത്.

 

കേരളം വിതുമ്പി: നമുക്കായ് ‘നിക്ഷേപ കുടുക്ക’ പൊട്ടിച്ച് ചെന്നൈക്കാരി മിടുക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.