തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൂറ് രൂപ വർധിപ്പിച്ചു ഉത്തരവിറങ്ങി. ഇനിമുതൽ സാമൂഹ്യസുരക്ഷാ പെൻഷൻ 1,400 രൂപയായിരിക്കും. പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൂറ് രൂപ വർധിപ്പിച്ചിരിക്കുന്നത്. സെപ്‌റ്റംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇനിമുതൽ അതാത് മാസത്തെ പെൻഷൻ എല്ലാ മാസവും 20 നും 30 നും ഇടയിലുള്ള ദിവസം വിതരണം ചെയ്യാനും സർക്കാർ ഉത്തരവിൽ പറയുന്നു.
Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കഴിഞ്ഞ ആഴ്‌ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചത്. എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നതിന്റെ ഭാഗമായാണ് നൂറ് ദിന കർമ പദ്ധതി പ്രഖ്യാപിച്ചത്. കോവഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തകർച്ച നേരിടുന്ന സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാകുന്ന നൂറു പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി മുതൽ വിദ്യാഭ്യാസം വരെ തൊഴിൽ മുതൽ ആരോഗ്യം വരെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഒരു കണ്ണിയിൽ കൂട്ടിയോജിപ്പിച്ചുകൊണ്ട് 100 പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചത്.
Read Also: കൃഷി മുതൽ വിദ്യാഭ്യാസം വരെ; സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതികൾ ഏതെല്ലാമെന്നറിയാം
അതേസമയം, സർക്കാരിന്റെ നൂറ് ദിന കർമ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ നൂറുദിന കർമപരിപാടി തട്ടിപ്പെന്ന് ചെന്നിത്തല പറഞ്ഞു. പല പ്രഖ്യാപനങ്ങളും ഇപ്പോൾ നടക്കുന്നത് തന്നെയാണെന്നും എന്തിനാണ് തിടുക്കപ്പെട്ട് ഇങ്ങനെയൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പല പരിപാടികളും അഞ്ഞൂറ് ദിവസം കിട്ടിയാലും തീരില്ല. പല പദ്ധതികളും പേരിൽ മാത്രം ഒതുങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു.